theft

കൊല്ലം: ജില്ലാ ആശുപത്രിയിൽ നിർദ്ധന രോഗികളുടെ ചികിത്സാ ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ സ്ഥാപിച്ചിരുന്ന പെട്ടികൾ കുത്തിത്തുറന്ന് കവർച്ച. ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരുന്ന ഏഴ് പെട്ടികളിൽ രണ്ടെണ്ണമാണ് കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ആഗസ്റ്റ് 11നും 13നുമായിരുന്നു പെട്ടികൾ കുത്തി തുറന്നതെന്ന് സുരക്ഷാ കാമറാ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. രണ്ടാമത്തെ കവർച്ച നടന്ന ശേഷമാണ് ആശുപത്രി അധികൃതർ വിവരം അറിയുന്നത് .പെട്ടികൾ കുത്തിത്തുറക്കുന്നവരുടെ ദൃശ്യങ്ങൾ കാമറകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന അ‌ജ്ഞാത രോഗികളുടെയും നിർദ്ധനരുടെയും ആംബുലൻസ് വാടക നൽകാനും പുറത്തുനിന്ന് മരുന്നുവാങ്ങാനുമുള്ള പണം കണ്ടെത്താനാണ് പെട്ടികൾ സ്ഥാപിച്ചത്. ആശുപത്രിയിൽ എത്തുന്നവർ സുതാര്യമായ പെട്ടികളിൽ ഉദാരമായി പണം നിക്ഷേപിച്ചിരുന്നു. ആശുപത്രി സൂപ്രണ്ട്,​ ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവരുൾപ്പെടെ ആറംഗ കമ്മിറ്റിയാണ് പെട്ടികളിൽ ലഭിക്കുന്ന പണം സംബന്ധിച്ച വരവ് ചെലവ് കണക്കുകൾ കൈകാര്യം ചെയ്യുന്നത്. ശേഷിച്ച പെട്ടികൾ തുറന്ന് പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്.