പത്തനാപുരം: സ്റ്റേഷനറി വ്യാപാരത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പനങ്ങൾ കച്ചവടം നടത്തിയയാൾ പിടിയിൽ. മഞ്ചള്ളൂർ നൗഷാദ് മൻസിൽ ഷറഫുദ്ദീനാണ് (62) പിടിയിലായത്. സ്കൂൾ വിദ്യാർത്ഥികൾക്കടക്കം പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം എസ്.ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 15 കവറോളം ഉൽപ്പനങ്ങൾ കണ്ടെടുത്തു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അൻപതിനായിരം രൂപ വിലവരുന്ന ഉൽപ്പനങ്ങളും കണ്ടെടുത്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. മുമ്പും ഷറഫുദ്ദീനെതിരെ സമാന സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.