mathi

പത്തനാപുരം: വിപണയിൽ മത്സ്യത്തിന്റെ ലഭ്യതകുറഞ്ഞതോടെ ജനങ്ങളുടെ കൈപൊള്ളിച്ച് വിലയും കുതിക്കുന്നു. പലമത്സ്യങ്ങൾക്കും ഇരട്ടിയിലധികമാണ് വിലവർദ്ധിച്ചത്. ഇതോടെ ഉച്ചയൂണിന് മീൻകറിയെന്നത് പൊള്ളുന്ന വിഭവമായി മാറി. ട്രോളിംഗ് നിരോധന സമയത്തും മത്സ്യവില ഉയർന്നെങ്കിലും നിരോധനം പിൻവലിച്ചതോടെ ജനങ്ങൾ ആശ്വസിച്ചതാണ്. ഇതിനിടെയാണ് ഇടിത്തീപോലെ കാലവർഷവും കടൽക്ഷോഭവും ശക്തിപ്രാപിച്ചത്.

ഇതാണ് മത്സ്യവില ഉയരാൻ കാരണം. ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതോടെ വ്യാപാരികളും പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്തതിനൊപ്പം ആഴക്കടലിൽ മത്സ്യ ലഭ്യത കുറഞ്ഞതും കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. താരതമ്യേനെ വിലക്കുറവുള്ള മത്തിക്കും അയലയ്ക്കും ദിവസവും വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് നൂറു രൂപയുണ്ടായിരുന്ന മത്തിയുടെ വിലയിപ്പോൾ ഒന്നര ഇരട്ടിയായി. മലയാളികളുടെ ഇഷ്ട മത്സ്യമായ അയല വില കൊടുത്താലും കിട്ടാനില്ലാത്ത അവസ്ഥയാണ്. കിളിമീന്റെയും ചൂരയുടെയും വില മൂന്ന് ഇരട്ടിയോളമാണ് വർദ്ധിച്ചത്.

മീൻവില ഉയർന്നതോടെ മീൻവണ്ടിയുമായി വീടുകളിലെത്തുന്ന ചെറുകിട കച്ചവടക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. നീണ്ടകര, കൊല്ലം എന്നിവടങ്ങളിൽ നിന്നാണ് ജില്ലയിൽ കൂടുതലായി മത്സ്യം എത്തിക്കുന്നത്. ഇത് കുറഞ്ഞതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിഷാംശം കലർന്ന മത്സ്യങ്ങൾ വിപണിയിലെത്തുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.

വില കുതിച്ചുയർന്നതോടെ മാർക്കറ്റുകളിലെ പച്ചമീൻ വില്പന നേർപകുതിയായി കുറഞ്ഞു. വിലക്കയറ്റം കാരണം ജനങ്ങൾ മത്സ്യം വാങ്ങാനെത്തുന്നില്ല. നഷ്ടത്തിലാണ് ഇപ്പോഴത്തെ വ്യാപാരം.

ഷിബു, മത്സ്യവ്യാപാരി

വിലക്കുറവുള്ള മത്തിക്കും അയലയ്ക്കും ഓരോ ദിവസവും വില കുതിച്ചുയരുകയാണ്. നഷ്ടം വരുമെന്നതിനാൽ കൂടുതൽ മത്സ്യങ്ങൾ എടുക്കാനാകാത്ത അവസ്ഥയാണ്.

റെജി, മത്സ്യവ്യാപാരി

മത്സ്യം-വില (മുമ്പ്, ഇപ്പോൾ)

മത്തി-100 രൂപ(കിലോയ്ക്ക്)-260 രൂപ

അയല-120 രൂപ (കിലോയ്ക്ക്)- 220 രൂപ

കിളിമീൻ-70രൂപ (കിലോയ്ക്ക്)-200 രൂപ