കുന്നത്തൂർ: മഴക്കെടുതിയിൽ കുന്നത്തൂർ താലൂക്കിൽ തകർന്നത് 142 വീടുകൾ. ഏഴു വില്ലേജുകളിലാണ് ഒരാഴ്ചയ്ക്കുള്ളിൽ വീടുകൾ പൂർണമായും ഭാഗികമായും തകർന്നത്. ശാസ്താംകോട്ട വില്ലേജിലാണ് കൂടുതൽ നാശമുണ്ടായത്. മറ്റ് വില്ലേജുകളിലും നിരവധി വീടുകൾ മഴയെടുത്തു. മരങ്ങൾ കട പുഴകിയാണ് കൂടുതൽ നാശം സംഭവിച്ചത്.
ശൂരനാട് വടക്ക് വീടുകളിൽ വെള്ളം കയറിയെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയാണ് വെള്ളം കയറിയും കാറ്റിലും നശിച്ചത്. വായ്പയെടുത്ത് കൃഷിയിറക്കിയവരാണ് ഏറെ ദുരിതത്തിലായത്.
ശൂരനാട്ടെ ദുരിതാശ്വാസ ക്യാമ്പുകളിൽ ജില്ലാ കളക്ടർ സന്ദർശനം നടത്തി. ക്യാമ്പ് അംഗങ്ങളോട് അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അവരോടൊപ്പം ഉച്ച ഭക്ഷണവും കഴിച്ച ശേഷം മടങ്ങിയ കളക്ടർ ശൂരനാട്ടെ രണ്ടു ക്യാമ്പുകളും സന്ദർശിച്ചു. റവന്യൂ ഉദ്യോഗസ്ഥരും, പഞ്ചായത്ത് അധികൃതരും ഒപ്പമുണ്ടായിരുന്നു. മഴ കുറഞ്ഞതോടെ പള്ളിക്കലാർ കരകവിഞ്ഞൊഴുകിയ ശൂരനാട് വടക്ക് പഞ്ചായത്തിലെ പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.
വിവിധ വില്ലേജുകളിൽ തകർന്ന വീടുകൾ
01. ശാസ്താംകോട്ട: 61
02. പടിഞ്ഞാറേ കല്ലട: 26
03. കുന്നത്തൂർ: 20
04. ശൂരനാട് തെക്ക്: 17
05. മൈനാഗപ്പള്ളി: 15
06.പോരുവഴി: 3