കൊട്ടാരക്കര: കൊട്ടാരക്കരയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് യാഥാർത്ഥ്യമാകുന്നു. റെയിൽവേ സ്റ്റേഷൻ കവലയിൽ എക്സൈസ് സർക്കിൾ ഓഫീസിനോട് ചേർന്നുള്ള റവന്യൂ ഭൂമിയിലാണ് പുതിയ ഓഫീസ്. ഒറ്റനിലയ്ക്കുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് ഉൾപ്പടെ പൂർത്തിയായി. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. ജീവനക്കാർക്കും ഓഫീസർക്കും പ്രത്യേകം മുറികൾ, സന്ദർശകർക്ക് വിശ്രമിക്കാനിടം, റെക്കാർഡ് റൂം, ടോയ്ലറ്റ് സംവിധാനം എന്നിവ ഇവിടെ ഒരുക്കുന്നുണ്ട്. ഹൈടെക് സംവിധാനങ്ങൾ ഏർപ്പെടുത്തുവാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർവത്കൃത ഓഫീസിൽ സമയബന്ധിതമായി സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റാം. പതിറ്റാണ്ടുകളായി ശോച്യാസ്ഥയിലായിരുന്നു കൊട്ടാരക്കരയിലെ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. റെയിൽവേ സ്റ്റേഷന് തൊട്ടടുത്തായി ഓടിട്ട പഴയ കെട്ടിടത്തിലായിരുന്ന ഓഫീസിന്റെ ജീർണാവസ്ഥ ജീവനക്കാർക്കും മറ്റുള്ളവർക്കും ഒരുപോലെ ബുദ്ധിമുട്ടായിരുന്നു. ഇതിനാണ് ഒടുവിൽ പരിഹാരമൊരുങ്ങിയത്.
ശോച്യാവസ്ഥ മാറുന്നു
സർട്ടിഫിക്കറ്റുകൾക്കും കരമൊടുക്കാനും മറ്റാവശ്യങ്ങൾക്കുമായി ദിവസവും നൂറുകണക്കിന് ആളുകളെത്തുന്ന ഈ ഓഫീസിന്റെ ദുരിതാവസ്ഥ പരിഹരിക്കണമെന്നത് പൊതുആവശ്യമായിരുന്നു. കേരളകൗമുദി ഈ വിഷയം പലതവണ വാർത്തയായി പ്രസിദ്ധീകരിക്കുകയും തെയ്തു. ഒടുവിൽ പി. ഐഷാപോറ്റി എം.എൽ.എ മുൻകൈയെടുത്ത് സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ അനുവദിച്ചു. വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ഓയൂർ റോഡിൽ തോട്ടംമുക്കിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയ ശേഷമാണ് പഴയ കെട്ടിടം പൊളിച്ച് നീക്കിയത്.
2 മാസത്തിനുള്ളിൽ പൂർത്തിയാകും
വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും. മഴ നിർമ്മാണ ജോലികൾക്ക് തടസം ഉണ്ടാക്കുന്നുണ്ട്. മഴ മാറിയാൽ ജോലികൾ വേഗത്തിലാക്കും. 9 മാസമാണ് കരാർ കാലാവധി. രണ്ട് മാസത്തിനുള്ളിൽ പൂർണ്ണമായും ജോലികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്താമെന്നാണ് കണക്ക് കൂട്ടുന്നത്.
മനോഹരമാക്കും
ശ്രദ്ധ കിട്ടുംവിധം കെട്ടിടത്തിന് രൂപഭംഗിയുണ്ടാകുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. മുന്നിൽ പൂന്തോട്ടവും പാർക്കിംഗ് സംവിധാനങ്ങളുമൊരുക്കും. നിലവിലുള്ള വില്ലേജ് ഓഫീസ് കെട്ടിടങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തവും കെട്ടിലും മട്ടിലും പ്രൗഡിയും ഉണ്ടാകും. ഹൈടെക് ആണെങ്കിലും പ്രകൃതി സൗഹൃദമാക്കുവാനാണ് തീരുമാനം.