navas
ക്യാമ്പ് പിരിച്ചു വിട്ടതിനെ തുടർന്നു വീട്ടിലേക്ക് മടങ്ങാൻ കഴിയാതെ ക്യാമ്പിൽ തുടരുന്ന പ്രദേശവാസികൾ

ശാസ്താംകോട്ട: ശക്തമായ മഴയിൽ പള്ളിക്കലാർ കരകവിഞ്ഞതിനെ തുടർന്ന് ആരംഭിച്ച ശൂരനാട് വടക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് മഴ മാറിയ പശ്ചാത്തലത്തിൽ ഇന്നലെ പിരിച്ചുവിട്ടു. എന്നാൽ, വീടുകളിലേക്ക് മാറാൻ കഴിയാത്തതിനാൽ മിക്കവരും ക്യാമ്പിൽ തുടരുകയാണ്. ക്യാമ്പ് പിരിച്ചുവിട്ടതിനാൽ ഭക്ഷണവും മറ്റും നൽകേണ്ട ചുമതലയിൽ നിന്ന് അധികൃതർ പിൻവാങ്ങി.

അഴകിയ കാവ് എൽ.പി. സ്കൂളിൽ 110 കുടുംബങ്ങളും, പടിഞ്ഞാറ്റം മുറിയിലെ 71 ാം നമ്പർ അംഗൻവാടിയിൽ 29 കുടുംബങ്ങളുമാണ് കഴിഞ്ഞിരുന്നത്. വൈകിട്ട് അഞ്ചു മണിയോടെ ക്യാമ്പ് പിരിച്ചുവിട്ടതോടെ പൂർണ്ണമായി ശുചിയാക്കാത്ത വീടുകളിലേക്ക് മ‌ടങ്ങേണ്ട സ്ഥിതിയിലായി മിക്ക കുടുംബങ്ങളും. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നും സാംക്രമിക രോഗങ്ങൾ പിടിപെടുമെന്നും നാട്ടുകാർ ആരോപിക്കുന്നു. മഴ കുറഞ്ഞോടെ വെള്ളം ഇറങ്ങിയെങ്കിലും വീട്ടിനകത്തുള്ള ചെളിയും മറ്റും നീക്കി വാസയോഗ്യമാക്കാനുള്ള സാവകാശം നൽകാതെ ക്യാമ്പ് പിരിച്ചുവിട്ടതിലാണ് പ്രതിഷേധം.

അടിയന്തര സഹായം

അനുവദിക്കണം

ശാസ്താംകോട്ട: ആറുദിവസമായി കുന്നത്തൂർ താലൂക്കിലെ ശൂരനാട് വടക്ക് പഞ്ചായത്തിൽ രണ്ട് ക്യാമ്പുകളിലായി കഴിഞ്ഞിരുന്ന ദുരിതബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആർ. എസ്. പി സംസ്ഥാന കമ്മിറ്റിയംഗം ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു.