അഞ്ചൽ:സാധനങ്ങളുടെ അമിതമായ വിലവർദ്ധനയാണ് ഉൽപ്പന്നങ്ങളിൽ മായം കലർത്താൻ കൂടുതൽ പ്രേരണ നൽകുന്നതെന്ന് കേന്ദ്ര സർക്കാർ അഗ്മാർക്ക് റിട്ട. സീനിയർ മാർക്കറ്റിംഗ് മാനേജർ സുകുമാരൻ ആചാരി പറഞ്ഞു. കേരള കൗമുദി ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുണനിലവാര നിയന്ത്രണത്തിനായി കേന്ദ്രസർക്കാരിന്റെ കീഴിൽ 1937ൽ പാസാക്കിയ നിയമം അനുസരിച്ചാണ് അഗ്മാർക്കിന് രൂപം നൽകിയിട്ടുള്ളത്. എന്നാൽ ഇത് പൂർണ്ണമായി പ്രാബല്യത്തിലാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. സുഗന്ധവ്യഞ്ജനങ്ങളിലാണ് കൂടുതൽ മായം കണ്ടുവരുന്നത്. ഏറ്റവും കൂടുതൽ മായം കാണുന്നത് മുളകിലാണ്. മായം കലർന്ന ഭക്ഷണം കേരളീയരെ ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളിലേയ്ക്ക് തള്ളിവിടുന്നു. മായം കലരാത്ത ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാൻ ഇനിയും വൈകിയാൽ ഗുരുതരമായ പ്രത്യാഘാതമാണ് ആളുകളിൽ ഉണ്ടാകാൻ പോകുന്നതെന്നും സുകുമാരൻ ആചാരി പറഞ്ഞു.
ചടങ്ങിൽ രചനാ ഗ്രാനൈറ്റ്സ് എം.ഡിയും കോ സ്പോൺസറുമായ കെ.യശോധരൻ അദ്ധ്യക്ഷത വഹിച്ചു. ഏറം വിപണി പ്രസിഡന്റ് എൻ.എസ്. സജി മോഡറേറ്ററായിരുന്നു. മികച്ച കർഷകരായ സുന്ദരേശൻ, പ്രദീപ് എന്നിവർക്ക് കേരളകൗമുദിയുടെ ഉപഹാരം കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം അഡ്വ. സൈമൺ അലക്സ് നൽകി. ആർച്ചൽ സോമൻ, കെ. സോദരൻ, ഡോ. കെ.വി. തോമസ് കുട്ടി, ആയൂർ ഗോപിനാഥ്, വി. വേണുഗോപാൽ, സോമരാജൻ പനച്ചവിള, എൻ. ശ്രീനിവാസൻ ചെമ്പകരാമനല്ലൂർ, മുരളി പുത്താറ്റ്, കെ. സുകുമാരൻ, രാജേന്ദ്രബാബു കെ, തുടങ്ങിയവർ സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി കോഓർഡിനേറ്റർ അഞ്ചൽ ഗോപൻ സ്വാഗതവും,കേരള കൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീശൻ നന്ദിയും പറഞ്ഞു.