കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാല നടത്തിയ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് മത്സരത്തിൽ കരുനാഗപ്പള്ളി ഗേൾസ് എച്ച്.എസ് ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു. കെ.എം. വൈകാശി, ഫിദാ മറിയം എന്നിവരായിരുന്നു ടീം അംഗങ്ങൾ. എ. അശ്വിൻ, ആർ.എസ്. ആതിര എന്നിവരടങ്ങിയ വെളിയം ടി.വി.ടി.എം.എച്ച്.എസ് ടീമിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം പി.എസ്. ലക്ഷ്മി, എം. ദേവദത്തൻ എന്നിവർ അംഗങ്ങളായ പാരിപ്പള്ളി അമൃതാ സ്കൂൾ ടീം നേടി. ഡി. ദിലീഷ് കുമാറായിരുന്നു ക്വിസ് മാസ്റ്റർ. 18 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
തുടർന്ന് ഗ്രനഥശാലാ ജനരഞ്ജിനീ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡന്റ് ബേബിഭാസ്ക്കർ അദ്ധ്യക്ഷനായി. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബി. മുരളീകൃഷ്ണൻ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും പ്രശംസാ പത്രവും നൽകി. ലൈബ്രറി കൗൺസിൽ തൃക്കടവൂർ നേതൃസമിതി കൺവീനർ സജികുമാർ ക്വിസ് മാസ്റ്റർ ഡി. ദിലീഷ്കുമാർ, ജയകൃഷ്ണൻ, എസ്. നാസർ, ആർ. തമ്പാൻ, വി. ബിജു എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥശാലയിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് 'സാന്ത്വനം', ധനസഹായം, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.