അഞ്ചൽ: കേരളകൗമുദി അഞ്ചൽ ഫെസ്റ്റിൽ കൊല്ലം ഡിസ്ട്രിക്ട് ക്രൈെ ബ്രാഞ്ച് അഡി. സബ്. ഇൻസ്പെക്ടർ കെ.എ. ഹരികുമാറിന്റെ നേതൃത്വത്തിൽ കൊല്ലം റോയൽ സ്ട്രിംഗ്സ്നടത്തിയ ട്രാക്ക് ഗാനമേള പാട്ടിന്റെ പാലാഴിയായി. സുരേഷ് കുമാറിന്റെ ശ്രീരാഗമോ എന്ന ഗാനത്തോടെയായിരുന്നു ഗാനമേള തുടങ്ങിയത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി ഹിറ്റ് ഗാനങ്ങളുടെ പ്രവാഹമായിരുന്നു. മുഹമ്മദ് റാഫിയുടെ അജി ഐസ മോഖ എന്ന സൂപ്പർഹിറ്റ് ഗാനവുമായി ഹരികുമാർ വേദി കയ്യടക്കിയപ്പോൾ മകളും കൊല്ലം ടി.കെ.എം പബ്ലിക് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനിയുമായ അലന നന്ദനത്തിലെ കാർമുകിൽ വർണ്ണനുമായി പ്രേക്ഷകഹൃദയം കീഴടക്കി.
ഗ്രൂപ്പിലെ സീനിയർ ഗായകൻ ശ്രീനിവാസനും 8-ാം ക്ലാസുകാരി നയനയും ചേർന്നു പാടിയ ദൂരേകിഴക്കുദിക്കും എന്ന ഗാനം പ്രേക്ഷകർ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. സർഗ്ഗത്തിലെ സംഗീതമേ എന്ന ഗാനവുമായെത്തിയ പുത്തൂർ ലിറ്റിൽ ഫ്ലവർ സ്കൂളിലെ ആറാം ക്ലാസുകാരൻ ആലാപന മികവിൽ കഴിവുതെളിയിച്ചു. ഓരോഗാനങ്ങൾ അവസാനിക്കുമ്പോഴും സദസിൽ നിന്ന് നിലയ്ക്കാത്ത കയ്യടികൾ ഉയരുന്നുണ്ടായിരുന്നു. മലയാളം,ഹിന്ദി,തമിഴ്, അടിച്ചുപൊളി പാട്ടുകളുമായി ശൈലന്ദ്രബാബുവും നിതീഷും ഒപ്പം ചേർന്നപ്പോൾ 2 മണിക്കൂർ കഴിഞ്ഞത് കാണികൾ അറിഞ്ഞതേയില്ല. ഗായകർക്ക് കേരകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ രാധാകൃഷ്ണൻ ഉപഹാരങ്ങളും മൊമെന്റോയും നൽകി.