കൊല്ലം: നഗരത്തിലെ ബസ് ഷെൽട്ടറുകൾ ഹൈടെക് ആക്കുന്ന പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. ദേശീയപാതയോരത്തെ 56 ബസ് ഷെൽട്ടറുകൾ ഹൈടെക്ക് ആക്കാനുള്ള പദ്ധതിയിൽ ഇതുവരെ മൂന്നെണ്ണത്തിന്റെ നിർമ്മാണം മാത്രമാണ് പൂർത്തിയായത്.
കഴിഞ്ഞ ഡിസംബറിലാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുമായി നഗരസഭ ഹൈടെക് ബസ് ഷെൽട്ടർ പദ്ധതിയുടെ കരാറൊപ്പിട്ടത്. ഒരു വർഷത്തിനുള്ളിൽ 56 ബസ് ഷെൽട്ടറുകൾ ഹൈടെക്ക് ആക്കുമെന്നായിരുന്നു അന്നുണ്ടാക്കിയ ധാരണ. എന്നാൽ എട്ട് മാസം പിന്നിട്ടപ്പോൾ കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ രണ്ട് ബസ് ഷെൽട്ടറും കരിക്കോട് ജംഗ്ഷനിലെ ഒരു ബസ് ഷെൽട്ടറും മാത്രമാണ് ഇതുവരെ ഹൈടെക്ക് ആക്കിയത്. എ.ആർ ക്യാമ്പ് ജംഗ്ഷനിൽ രണ്ട് ബസ് ഷെൽട്ടറുകളുടെ നിർമ്മാണം ആരംഭിച്ചിട്ട് രണ്ട് മാസത്തിലേറെയായെങ്കിലും ഇതുവരെ പൂർത്തിയായില്ല.
നഗരസഭയ്ക്ക് ഒരു രൂപയുടെ പോലും ചെലവില്ലാതെയാണ് ഹൈടെക് ബസ് ഷെൽട്ടറുകൾ നിർമ്മിക്കുന്നത്. ഷെൽട്ടറുകളിൽ സ്ഥാപിക്കുന്ന പരസ്യങ്ങളിലൂടെ ചെലവാകുന്ന പണം നിർമ്മാണ ഏജൻസി കണ്ടെത്തും. അഞ്ച് വർഷത്തിന് ശേഷം ബസ് ഷെൽട്ടറുകൾ നഗരസഭയ്ക്ക് കൈമാറുമെന്നാണ് വ്യവസ്ഥ.
ഹൈടെക്ക് ആക്കേണ്ട ബസ് ഷെൽട്ടറുകൾ : 56
ഇതുവരെ നിർമ്മാണം പൂർത്തിയാക്കാനായത്: 3
ബസ് ഷെൽട്ടറുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമം നടന്നുവരുകയാണ്.
വി.എസ്. പ്രിയദർശൻ (നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ)
ഹൈടെക് ബസ് ഷെൽട്ടറിൽ
ഫ്രീ വൈഫൈ
സി.സി ടി.വി കാമറ
എഫ്.എം റേഡിയോ
എൽ.ഇ.ഡി ഡിസ്‌പ്ളേ
കുടിവെള്ളം
മികച്ച ഇരിപ്പിടങ്ങൾ
ഫാൻ
നഗരസഭയ്ക്ക് വലിയ സാമ്പത്തിക നഷ്ടം
ബസ് ഷെൽട്ടറുകളുടെ നിർമ്മാണം നീളുന്നത് നഗരസഭയ്ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. ഹൈടെക്ക് ആക്കാൻ ഉദ്ദേശിക്കുന്ന ബസ് ഷെൽട്ടറുകളിലൊന്നും പുതിയ പരസ്യങ്ങൾ സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകുന്നില്ല. ഈയിനത്തിൽ നഗരസഭയ്ക്ക് ലക്ഷങ്ങളാണ് ഓരോ വർഷവും ലഭിക്കുന്നത്. നഗരത്തിലെ ബസ് ഷെൽട്ടറുകൾ പലതും യാത്രക്കാർക്കും കയറിനിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലുമാണ്.