കൊല്ലം: സാമൂഹ്യപ്രതിബദ്ധത മുഖമുദ്രയാക്കിയ പത്രമാണ് കേരളകൗമുദിയെന്ന് സാമൂഹ്യപ്രവർത്തകനും അദ്ധ്യാപകനുമായ ഡോ.പി. വിവേകാനന്ദൻ കടവൂർ പറഞ്ഞു. കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവ ദർശനങ്ങളിൽ അടിയുറച്ചാണ് കേരളകൗമുദി മുന്നോട്ടുപോകുന്നത്. അതുകൊണ്ട് തന്നെ വിവിധ തലങ്ങളിൽ പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ മുഖ്യധാരയിലെത്തിച്ച് പരിഹാരം കാണാൻ കേരളകൗമുദിക്ക് കഴിയുന്നുണ്ട്. വാർത്തകൾക്കപ്പുറം വിവിധ പരീക്ഷകളിൽ ഉന്നതവിജയം ഉറപ്പാക്കാനും മികച്ച തൊഴിൽ സ്വന്തമാക്കാനുമുള്ള വിഭവങ്ങളുമായാണ് കേരളകൗമുദി ഓരോദിവസവും വായനക്കാരുടെ മുന്നിലേക്കെത്തുന്നതെന്നും ഡോ.പി. വിവേകാനന്ദൻ കടവൂർ പറഞ്ഞു. കേരളകൗമുദിയുടെയും സ്കൂളിലെ ബോധപൗർണമി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചത്. അധ:സ്ഥിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ നേടിയെടുക്കാനും സാമൂഹിക തിന്മകളെ ഇല്ലാതാക്കാനും കേരളകൗമുദി വഹിച്ച പങ്ക് വലുതാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത സ്കൂൾ സ്പെഷ്യൽ ഓഫീസർ പ്രൊഫ.കെ. സാംബശിവൻ പറഞ്ഞു.
കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ബോധപൗർണമി ക്ലബ് പ്രസിഡന്റ് എസ്.ജെ. ഷാ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്. നിഷ, അദ്ധ്യാപിക ടി. കവിത, ബോധപൗർണമി ക്ലബ് സെക്രട്ടറി പ്രണവ് പി. പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു. ഡോ.പി. വിവേകാനന്ദൻ കടവൂരാണ് സ്കൂളിലെ ബോധപൗർണമി ക്ലബിനുവേണ്ടി കേരളകൗമുദി സ്പോൺസർ ചെയ്യുന്നത്.