unnathoor
ശൂരനാട് വടക്ക് പ്രദേശത്ത് വെള്ളം കയറിയ ഭാഗം

കുന്നത്തൂർ: ശൂരനാട് വടക്ക് പഞ്ചായത്തിൽ പ്രളയം ബാധിച്ച പ്രദേശങ്ങളിലെ വീടുകൾ താമസയോഗ്യമാക്കാതെയും പ്രളയ ബാധിതർക്ക് അടിയന്തര ധനസഹായം ലഭ്യമാക്കാതെയും ക്യാമ്പുകൾ പിരിച്ചുവിട്ടതിൽ പ്രതിഷേധം ശക്തമാകുന്നു. പള്ളിക്കലാർ കര കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് ശൂരനാട് വടക്ക് പഞ്ചായത്തിലെ പടിഞ്ഞാറ്റംമുറി, ആനയടി, പുലിക്കുളം, പാറക്കടവ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിലായത്. നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങുകയും കൃഷി നശിക്കുകയും ചെയ്തു. തുടർന്നാണ് പടിഞ്ഞാറ്റംമുറി, അഴകിയകാവ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. രണ്ടിടത്തുമായി 140 ഓളം കുടുംബങ്ങളാണ് അഭയം തേടിയത്. എന്നാൽ മഴ ശമിച്ചതോടെ കഴിഞ്ഞ ദിവസം ശൂരനാട് വടക്ക് വില്ലേജ് ഓഫീസർ എത്തി ക്യാമ്പുകൾ പിരിച്ചുവിട്ടതായി അറിയിച്ചു. അപ്രതീക്ഷിതമായി ക്യാമ്പ് പിരിച്ച് വിട്ടതാണ് പ്രളയ ദുരിത ബാധിതരുടെ പ്രതിഷേധത്തിന് കാരണം. ചെളി വെള്ളം കെട്ടിക്കിടക്കുന്ന വീടുകളിലേക്ക് എങ്ങനെ പോകുമെന്ന പ്രളയ ദുരിത ബാധിതരുടെ ചോദ്യത്തിനു മുന്നിൽ അധികൃതർ കൈമലർത്തുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ യു.ഡി.എഫ് നേതാക്കളായ എച്ച്. അബ്ദുൾ ഖലീൽ, സുജാതാ രാധാകൃഷ്ണൻ, ഉല്ലാസ് കോവൂർ ഉൾപ്പെടെയുള്ളവർ ക്യാമ്പുകളിൽ കഴിയുന്നവരുടെ പ്രതിഷേധത്തിൽ പങ്കുചേർന്നു. ക്യാമ്പുകളിൽ സന്ദർശനത്തിനെത്തിയ കെ. സോമപ്രസാദ് എം.പി പടിഞ്ഞാറ്റംമുറി ക്യാമ്പിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപവും ശക്തമാണ്.

10000 രൂപയുടെ ധനസഹായം ലഭിച്ചില്ല

സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ ധനസഹായം ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. പ്രളയ മേഖലകളിലെ വീടുകളിൽ ചെളി കലർന്ന മലിനജലം കെട്ടിക്കിടക്കുകയാണ്. വീട്ടുപകരണങ്ങളടക്കം വെള്ളത്തിൽ മുങ്ങി നശിച്ചു. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വീടും പരിസരവും ശുചീകരിച്ച ശേഷം ക്ലോറിനേഷൻ നടത്തണമെന്ന നാട്ടുകാരുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. പ്രദേശത്ത് പകർച്ചവ്യാധി രോഗങ്ങൾ പടരാനുള്ള സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.

മാതൃകാ ക്യാമ്പ്

പടിഞ്ഞാറ്റംമുറിയിലെ അംഗൻവാടിയിൽ പ്രവർത്തിച്ചു വന്ന ക്യാമ്പ് വാർഡ് മെമ്പർ വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ആദ്യം തുറന്ന ഈ ക്യാമ്പിൽ 28 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് നേർ പകുതിയായി കുറഞ്ഞിട്ടുണ്ട്. പാവപ്പെട്ടവരടക്കം പല കുടുംബങ്ങളും സ്വന്തം നിലയിൽ വീടു വൃത്തിയാക്കി മടങ്ങുകയാണ്.