കൊല്ലം:കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ നിന്നു ഒന്നും പഠിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും സർക്കാരിന് ദിശാബോധം നഷ്ടപ്പെട്ടെന്നും എൻ.ജി.ഒ.സംഘ് സംസ്ഥാന ട്രഷറർ ടി.എൻ. രമേശ് ആരോപിച്ചു. കേരള എൻ.ജി.ഒ. സംഘിന്റെ 41-ാം കൊല്ലം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചിന്നക്കട മസ്ദൂർ ഹാളിൽ ജില്ലാ പ്രസിഡന്റ് കെ. രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ്.
വനം കൈയേറ്റക്കാരും, ക്വാറി - റിസോർട്ട് മാഫിയകളും തഴച്ചുവളരുന്നത് ഇടതു -വലതു സർക്കാരുകളുടെ പരിപൂർണ്ണ പിന്തുണയോടെയാണ്.
അനാവശ്യ തസ്തികകൾ സൃഷ്ടിച്ച് വേണ്ടപ്പെട്ടവർക്ക് നിയമനം നൽകുന്ന ഇടതു സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രവീന്ദ്രൻ, സംസ്ഥാന സമിതി അംഗങ്ങളായ എ. ഉദയകുമാർ, ആർ. കൃഷ്ണകുമാർ, സി.സുധേഷ് മോഹനൻ, പി. മനേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ആർ. പ്രദീപ്കുമാർ സ്വാഗതവും ജില്ലാ സമിതി അംഗം ആർ. രാജേഷ് നന്ദിയും രേഖപ്പെടുത്തി.