കൊല്ലം: നികുതി വർദ്ധന സ്വർണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് ജെം ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ചെയർമാൻ എൻ. അനന്തപത്മനാഭൻ പറഞ്ഞു. ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബസംഗമവും ഹോട്ടൽ റാവിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ചെറുകിട സ്വർണ വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലാണ്. കോർപറേറ്റുകളുമായി മത്സരിച്ച് കച്ചവടം മെച്ചപ്പെടുത്താൻ ചെറുകിട വ്യാപാരികളെ പ്രാപ്തരാക്കാൻ സംഘടന പ്രയത്‌നിക്കണം.കോർപ്പറേറ്റുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ചെറുകിട സ്വർണ വ്യാപാരികൾ പരസ്പരം സഹകരിച്ച് പ്രവർത്തിക്കണം. സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി പത്ത് ശതമാനത്തിൽ നിന്നും നാലായി കുറയ്ക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ 12.5 ശതമാനമായി ഉയർത്തുകയാണ് ചെയ്തത്. നികുതി വർദ്ധന സ്വർണകള്ളക്കടത്തിനെയും ഹവാല ഇടപാടുകളെയും പ്രോത്സാഹിപ്പിക്കും. ഹാൾ മാർക്കിംഗുമായി ബന്ധപ്പെട്ട കരിനിയമങ്ങളും സ്വർണ വ്യാപാരികളെ വലയ്ക്കുകയാണെന്നും അനന്തപത്മനാഭൻ പറഞ്ഞു.
അസോസിയേഷൻ ജില്ല പ്രസിഡന്റ് എസ്. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ് സ്വാഗതം ആശംസിച്ചു. മേയർ വി. രാജേന്ദ്രബാബു, സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ബി.ഗിരി രാജൻ, ജിതേന്ദ്ര ബിണ്ടി, എ. നവാസ് പുത്തൻവീട്, എസ്.പളനി എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ സെമിനാറുകളും നടത്തി.
മജീഷ്യൻ ഗോപിനാഥ് മുതുകാട് മോട്ടിവേഷൻ ക്ലാസ് നയിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം, മുതിർന്ന വ്യാപാരികളെ ആദരിക്കൽ, വൃക്ഷത്തൈ നടീൽ, കുടുംബങ്ങളുടെ ബോട്ട് യാത്ര, ഗാനമേള എന്നിവയും നടന്നു.