പ്രാക്കുളം: പ്രാക്കുളം മണലിൽ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച വിവാഹ മണ്ഡപം, സദ്യാലയം എന്നിവയുടെ ഉദ്ഘാടനവും പ്രാക്കുളം പ്രമേയ ഫലകം അനാച്ഛാദനവും എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് എം. ഭുവനചന്ദ്രൻ പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി ഗായത്രി ആശ്രമത്തിലെ സ്വാമി സച്ചിദാനന്ദ പ്രാക്കുളം പ്രമേയ ശതാബ്ദി സ്മാരക ഫലകം അനാച്ഛാദനവും അനുഗ്രഹ പ്രഭാഷണവും നടത്തി. ചരുവിൽ സദാശിവന്റെ ഓർമ്മയ്ക്കായി ഭാര്യ രാജേശ്വരിയും കുടുംബാംഗങ്ങളുമാണ് വിവാഹമണ്ഡപം ക്ഷേത്രത്തിൽ സമർപ്പിച്ചത്. വിവാഹമണ്ഡപത്തിന്റെ ഉദ്ഘാടനം രാജേശ്വരിയും കുടുംബാംഗങ്ങളും ചേർന്ന് നിർവഹിച്ചു. സദ്യാലയത്തിന്റെ ഉദ്ഘാടനം ഡോ. കെ. സുധാകരൻ നിർവഹിച്ചു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രശേഖരപിള്ള, എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ ട്രഷറർ ഡോ. ജി. ജയദേവൻ, പ്രൊഫ. വി. വിജയപാലൻ, രാജേശ്വരി സദാശിവൻ തുടങ്ങിയവർ സംസാരിച്ചു. എം. അനിൽകുമാർ, കെ. തങ്കൻ, നന്ദിനി, ഒ. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു. ടി.ഡി. സദാശിവൻ സ്വാഗതവും എസ്.എൻ.ഡി.പി യോഗം പ്രാക്കുളം ശാഖാ സെക്രട്ടറി ആർ. സുഗതൻ നന്ദിയും പറഞ്ഞു. ക്ഷേത്രയോഗം സെക്രട്ടറി ഡി. ധനപാലൻ പ്രവർത്തക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കുമാരഗണപതി ഭക്തർ നടത്തിയ സമൂഹസദ്യയും ഉണ്ടായിരുന്നു.