ശാസ്താംകോട്ട: ശൂരനാട് വടക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്നവരുടെ പുനരധിവാസം ഉറപ്പാക്കാതെ അധികാരികൾ ക്യാമ്പ് പിരിച്ചുവിട്ടതിൽ ജനരോഷം ശക്തമായി. പടിഞ്ഞാറ്റം മുറിയിലെ 71-ാം നമ്പർ അംഗൻവാടിയിലെ ക്യാമ്പ് പിരിച്ചുവിട്ടു രണ്ട് ദിവസം കഴിഞ്ഞിട്ടും താമസക്കാർ പിരിഞ്ഞുപോയില്ല. ഇതേതുടർന്ന് നാട്ടുകാർ ക്യാമ്പിൽ കഴിയുന്നവരെ സഹായിക്കാൻ രംഗത്ത് എത്തി.
കൊല്ലം ജില്ലാ കളക്ടർ അബ്ദുൽ നാസർ വെള്ളിയാഴ്ച ഈ ക്യാമ്പ് സന്ദർശിക്കുകയും അവിടെനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ക്യാമ്പ് ഉദ്യോഗസ്ഥർ കൈയൊഴിഞ്ഞത്. തങ്ങളുടെ പരാധീനതകൾ താമസക്കാർ ഉദ്യോഗസ്ഥരുടെ മുന്നിൽ നിറകണ്ണുകളോടെ നിരത്തിയെങ്കിലും അവർ കൈമലർത്തി. തലചായ്ക്കാൻ കഴിയാത്ത വിധം ദയനീയമാണ് ഓരോ വീടിന്റെയും അവസ്ഥ.
വീട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർ രണ്ട് ദിവസമായി ഇവിടെ തുടർന്നിട്ടും റവന്യു അധികാരികൾ തിരിഞ്ഞു നോക്കാത്തത് കനത്ത പ്രതിഷേധത്തിനിടയാക്കി. മഴ മാറിയതിനാൽ വെള്ളം ഇറങ്ങിയെങ്കിലും വീട് വാസയോഗ്യമായിട്ടില്ലെന്നാണ് ക്യാമ്പിൽ കഴിയുന്നവർ പറയുന്നത്. മിക്ക വീടുകളിലും ചെളി പൂർണ്ണമായി നീക്കം ചെയ്തിട്ടില്ല. ചില വീടുകൾക്കുള്ളിൽ പുഴുക്കളും മറ്റു ചെറു ജീവികളും താവളമാക്കി.പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണ്ണമായി പുനസ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും ഇന്നലെയും ക്യാമ്പ് സന്ദർശിച്ചിരുന്നു
ശുചീകരണ യജ്ഞം ഇന്ന്
താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, തൊഴിലുറപ്പ് തൊഴിലാളികൾ, നവ മാധ്യമ കൂട്ടായ്മ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ഇന്ന് രാവിലെ 9 മുതൽ വീടുകളിൽ ശുചീകരണ പ്രവർത്തനം നടത്തുമെന്ന് വാർഡ് മെമ്പർ വിജയലക്ഷ്മി അറിയിച്ചു