അഞ്ചൽ: കേരള കൗമുദി അഞ്ചൽ ഫെസ്റ്റിലെ വേദിയിൽ ഇന്നലെ നടന വിസ്മയങ്ങളുടെ പെരുമഴയായിരുന്നു. അഞ്ചൽ ശ്രീകലാലയം ഡാൻസ് ആൻഡ് മ്യൂസിക്കിലെ പതിനെട്ടുകുട്ടികൾ അവതരിപ്പിച്ച നൃത്ത സന്ധ്യ ശ്രദ്ധേയമായി.
ഗണപതി സ്തുതിയോടെ ഒൻപത് വയസിൽ താഴെയുള്ള ജൂനിയർ വിഭാഗത്തിന്റെ പൂജാ നൃത്തത്തോടെയായിരുന്നു തുടക്കം.
പിന്നീട് അടിപൊളി ഡാൻസുകളുമായി മറ്റൊരു സംഘം എത്തി. ഡാൻസുകൾക്ക് കാണികൾ നിറഞ്ഞ പ്രോത്സാഹനമാണ് നൽകിയത്.
കലാഭവൻ മണിയുടെ നാടൻ പാട്ടുകൾക്കൊപ്പിച്ച് ധൃതചലനങ്ങളുമായി അഞ്ചൽ സെന്റ് ജോൺസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി വിജയ് പ്രകാശ് സ്റ്റേജ് കീഴടക്കി.
സീനിയർ വിഭാഗം കുട്ടികളുടെ ചെയർ ഡാൻസ് കാണികൾക്ക് നവ്യാനുഭവമായിരുന്നു.
വിവിധ ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയരായ കുട്ടികളുടെ നൃത്തസന്ധ്യ ആസ്വദിക്കാൻ വൻ ജനാവലിയും എത്തിയിരുന്നു. നർത്തകർക്ക് കേരളകൗമുദി കോർപ്പറേറ്റ് ഫിനാൻസ് മാനേജർ എച്ച്. അജയകുമാർ ഉപഹാരവും പതക്കവും നൽകി.