പരവൂർ : പൂതക്കുളം സർവീസ് സഹകരണ ബാങ്കിന്റെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കലയ്‌ക്കോട് പോസ്റ്റ് ഓഫീസ് നാട്ടുകാരും പ്രവാസികളും ചേർന്ന് വാങ്ങിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പോസ്റ്റ് ഒാഫീസിനായി നാട്ടുകാരും പ്രവാസികളും ചേർന്ന് പൂതക്കുളത്ത് സ്ഥലം വാങ്ങുകയും പോസ്റ്റൽ ആൻഡ് ടെലഗ്രാഫ് വകുപ്പിന് (പി.ആന്റ് ടി.) കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ നാളിതുവരെയായി ഡിപ്പാർട്ട്മെന്റോ സർക്കാരോ പോസ്റ്റ് ഓഫീസ് ഈ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നാട്ടുകാരും പ്രവാസികളും വാങ്ങി നൽകിയ സ്ഥലം പാഴ്ച്ചെടികൾ വളർന്ന് നശിക്കുകയാണ്.
പുതിയ സ്ഥലത്ത് പോസ്റ്റ് ഓഫീസ് കെട്ടിടം നിർമ്മിക്കണം
പുതുതായി വാങ്ങിയ സ്ഥലത്ത് പോസ്റ്റ് ഒാഫീസ് കെട്ടിടം നിർമ്മിക്കണം. പൂതക്കുളം ജംഗ്ഷനിൽ നിന്ന് തെക്ക് ഭാഗത്തുള്ള ഇലക്ട്രിസിറ്റി ഓഫീസിനു സമീപമാണ് പോസ്റ്റ് ഒാഫീസിനായി വാങ്ങിയ പുരയിടം. ജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ വളരെ സൗകര്യമുള്ള സ്ഥലമാണിത്.
എൻ.സി. മണി (കെ.പി.സി.സി വിചാർ വിഭാഗം ചാത്തന്നൂർ മണ്ഡലം സെക്രട്ടറി, കോൺഗ്രസ് പൂതക്കുളം മണ്ഡലം വൈസ് പ്രസിഡന്റ്)
വാഹന പാർക്കിംഗ്
നിലവിൽ പോസ്റ്റ് ഒാഫീസ് പ്രവർത്തിക്കുന്ന വാടകക്കെട്ടിടം തിരക്കുള്ള മെയിൻ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ വാഹന പാർക്കിംഗിനുള്ള സൗകര്യം വളരെ കുറവാണ്. നിലവിൽ പോസ്റ്റ് ഒാഫീസ് പ്രവർത്തിക്കുന്ന വാടകക്കെട്ടിടത്തിന് സമീപമാണ് പഞ്ചായത്ത് മാർക്കറ്റ്. വളരെ തിരക്കുള്ള പൂതക്കുളം ശ്രീധർമ്മ ശാസ്താ ക്ഷേത്രം റോഡ്, പൂതക്കുളം ഹയർ സെക്കൻഡറി സ്കൂൾ റോഡ്, ഊന്നിൻമൂട് റോഡ് എന്നിവയ്ക്ക് സമീപമാണ് പോസ്റ്റ് ഒാഫീസ് പ്രവർത്തിക്കുന്നത്. പരവൂർ പോസ്റ്റ് ഓഫീസിന്റെ സബ്-പോസ്റ്റ് ഓഫീസാണ് പൂതക്കുളത്ത് പ്രവർത്തിക്കുന്നത്.