kollam-railway
കൊല്ലം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശനകവാടത്തിൽ നിന്നുള്ള നടപ്പാലത്തിന്റെ നിർമ്മാണം

കൊല്ലം: കൊല്ലം റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടത്തിനെ ഒന്നാം പ്ളാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്ന നടപ്പാതയുടെ നിർമ്മാണം പുരോഗമിക്കുന്നു. രണ്ടുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്. എസ്കലേറ്റർ, ലിഫ്റ്റ് എന്നിവയുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്.

കൊല്ലം - കൊട്ടാരക്കര റോഡിൽ നിന്ന് കൊല്ലം റെയിൽവേ സ്‌റ്റേഷനിലെത്തുന്നവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു രണ്ടാം കവാടത്തിന്റെ ഉദ്ഘാടനം. നിർമ്മാണം പൂർത്തിയായെങ്കിലും രണ്ടാം കവാടത്തിൽ നിന്ന് രണ്ടാമത്തെ പ്ലാറ്റ്ഫോമം വരെയാണ് നടപ്പാതയുണ്ടായിരുന്നത്. ഇതോടെ യാത്രക്കാർ ഒന്നാം പ്ലാറ്റ്ഫോമിലെത്താൻ റെയിൽവേ ലൈനുകൾ ചാടിക്കടക്കേണ്ട സ്ഥിതിയാണുണ്ടായത്.

കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകൾ മൂലം രണ്ടാം കവാടം തിരക്കൊഴിഞ്ഞ് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെയായി. നടപ്പാതയുടെ പണി പൂർത്തിയാകുന്നതോടെ രണ്ടാം കവാടത്തിന്റെ പ്രവർത്തനം സജീവമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

''രണ്ടാം കവാടത്തിൽ നിന്നുള്ള നടപ്പാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണം രണ്ടു മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനാകും. അതിന് ശേഷം രണ്ടാം കവാടത്തിലെ മറ്റ് പ്രശ്നങ്ങളും പരിഹരിക്കും''

റെയിൽവെ സ്റ്റേഷൻ മാനേജർ