കൊല്ലം: വെട്ടിക്കവല ശ്രീനാരായണ ഗുരുപ്രിയ മഠത്തിൽ ഈ മാസം 22 മുതൽ 25 വരെ വിശ്വശാന്തി യജ്ഞം നടക്കുമെന്ന് യജ്ഞാചാര്യ ഡോ. മാതാ ഗുരുപ്രിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാനവരാശിക്ക് ശാന്തിയും സമാധാനവും കൈവരുത്തുകയാണ് ലക്ഷ്യം. എല്ലാദിവസവും രാവിലെയും വൈകിട്ടും ഡോ. മാതാ ഗുരുപ്രിയയുടെയും ഹോതാവ് നെടുവത്തൂർ ഗണേശൻ തിരുമേനിയുടെയും മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, ശാന്തിഹവനം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാപ്രായശ്ചിത്ത നമസ്കാരം, ആചാര്യവന്ദനം, ദ്വാദശപൂജ, ഉദയാസ്തമന യജ്ഞപൂജ, ത്രിപുര സുന്ദരിഹവനം, ഭഗവതിസേവ തുടങ്ങിയവ നടക്കും.
സെമിനാറുകളും സമ്മേളനങ്ങളും കലാപരിപാടികളും ഉണ്ടാകും. ആയിരം പേർക്ക് ഇരിക്കാനുള്ള പന്തലും 50 ഓളം പേർക്ക് ഇരിക്കാവുന്ന വേദിയും സജ്ജമായിട്ടുണ്ട്.
യജ്ഞവേദിയിൽ സ്ഥാപിക്കാനുള്ള ഭദ്രദീപം 22ന് രാവിലെ പ്രാക്കുളം മണലിൽ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽനിന്നും ഏറ്റുവാങ്ങും. വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഘോഷയാത്രയായി വൈകിട്ടോടെ യജ്ഞവേദിയിലെത്തും. 23ന് രാവിലെ 11ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ യജ്ഞം ഉദ്ഘാടനം ചെയ്യും. കെ.ബി. ഗണേശ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സ്വാമി സൂക്ഷ്മാനന്ദ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഒ. രാജഗോപാൽ എം.എൽ.എ തുടങ്ങിയവർ സംസാരിക്കും.
വൈകിട്ട് 3ന് നടക്കുന്ന സർവമത സമ്മേളനം മുൻ എം.എൽ.എ ഡോ. എ. യൂനുസ് കുഞ്ഞ് ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ 11ന് മാതൃസമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. സ്വാമി ശ്രീകൃഷ്ണാനന്ദ, ആർ.ബാലകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുക്കും.
വൈകിട്ട് 3ന് കാർഷിക സെമിനാർ സംസ്ഥാന ഊർജ്ജവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് ഉദ്ഘാടനം ചെയ്യും. 5.30ന് സാംസ്കാരിക സമ്മേളനം രാജ്യസഭ മുൻ ഡെപ്യുട്ടി സ്പീക്കർ പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി വിദ്യാനന്ദ, ഐഷാ പോറ്റി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
26ന് രാവിലെ 11ന് വിശ്വശാന്തി സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവർ പങ്കെടുക്കും. യജ്ഞത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
ഗുരുപ്രിയ മഠം സെക്രട്ടറി ഡോ. മോഹനൻ ബി. കണ്ണങ്കര, യജ്ഞസമിതി രക്ഷാധികാരികളായ പ്രവാസിബന്ധു ഡോ.എസ്. അഹമ്മദ്, എസ്. സുവർണ്ണകുമാർ, യജ്ഞഹോതാവ് നെടുവത്തൂർ ഗണേശൻ തിരുമേനി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.