പുനലൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊല്ലം-തിരുമംഗലം ദേശീയപാതയിലൂടെയുള്ള (എൻ.എച്ച്-744) യാത്ര ഇനി സൂപ്പറാകും. കുണ്ടുംകുഴിയും നിറഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ദേശീയപാത അതോറിറ്റിയിൽ നിന്ന് തുക അനുവദിച്ചതായി സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ. രാജു അറിയിച്ചു. ഇതോടെ കാലങ്ങളായുള്ള തങ്ങളുടെ ദുരിത യാത്രയ്ക്ക് അവസാനമാകുന്നതിന്റെ ആശ്വാസത്തിലാണ് കിഴക്കൻ മലയോരവാസികൾ. പുനലൂർ ടി.ബി ജംഗ്ഷൻ മുതൽ കോട്ടവസൽവരെയുള്ള 38 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. ഈ ഭാഗങ്ങളിൽ വൻ കുഴികൾ രൂപപ്പെട്ടതിനാൽ വാഹനാപകടങ്ങൾ പതിവാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി പലതവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
ദിവസവും 1000ക്കണക്കിന് വാഹനങ്ങൾ
പാത കടന്നുപോകുന്ന പുനലൂരിന് സമീപത്തെ വാളക്കോട്, വാളക്കോട് മുസ്ലീം പള്ളിക്ക് സമീപം, കലയനാട് ജംഗ്ഷൻ അടക്കമുള്ള സ്ഥലങ്ങളിലെ റോഡിന്റെ അവസ്ഥ ദയനീയമാണ്. അരനൂറ്റാണ്ട് മുമ്പ് പാതയുടെ മദ്ധ്യഭാഗത്തു കൂടി സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ പഴഞ്ചൻ പൈപ്പുലൈനുകൾ പൊട്ടുന്നതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നത്. ശബരിമല സീസണിൽ അയ്യപ്പഭക്തർ അടക്കമുള്ളവർ സഞ്ചരിക്കുന്ന പ്രധാന റോഡാണ് ദേശീയപാത. ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ തകർച്ച കാരണം ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇത് കണക്കിലെടുത്താണ് നവീകരണം.
പാർശ്വ ഭിത്തിയും പുനർനിർമ്മിക്കും...
ദേശീയപാത കടന്നുപോകുന്ന തെന്മല എം.എസ്.എല്ലിലെ പാർശ്വഭിത്തിയും കഴിഞ്ഞ വർഷത്തെ കാലവർഷക്കെടുതിയിൽ ഇടിഞ്ഞുതാഴ്ന്നിരുന്നു. ഇതുകാരണം ഇതുവഴിയുള്ള ഗതാഗതം ഒരു മാസം നിറുത്തിവച്ചിരുന്നു. തമിഴ്നാടുമായുള്ള വ്യാപാരബന്ധത്തെപ്പോലും ഇത് സാരമായി ബാധിച്ചു. താത്കാലിക പാർശ്വഭിത്തി നിർമ്മിച്ച ശേഷമാണ് ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇവിടെ പുതിയ കോൺക്രീറ്റ് പാർശ്വഭിത്തിയും നിർമ്മിക്കും.
പാലങ്ങളും മുഖം മിനുക്കി
ദേശീയപാത നവീകരണത്തിന് മുന്നോടിയായി പാത കടന്നുപോകുന്ന ഭാഗത്ത് തകർച്ചയിലായ കഴുതുരുട്ടി ഇരട്ടപ്പാലം സമീപത്തെ മുരുകൻ പാഞ്ചാലിയിലെ ഇടുങ്ങിയ പഴയ പാലങ്ങൾ എന്നിവ പൊളിച്ചുമാറ്റിയിരുന്നു. ഇവിടെ 6.25 കോടി രൂപ ചെലവഴിച്ച് പുതിയ പാലങ്ങളും നിർമ്മിച്ചു. കൂടാതെ പുനലൂരിന് സമീപത്തെ വാളക്കോട് റെയിൽവേ മേൽപ്പാലം പുനർനിർമ്മിക്കാനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്.
കൊല്ലം-തിരുമംഗലം ദേശീയപാതയുടെ നവീകരണം ഉടൻ ആരംഭിക്കും. ഇതിനായി ദേശീയപാത അതോറിറ്റിയിൽ നിന്നും 40 കോടി രൂപ അനുവദിച്ചു. ടെണ്ടർ നടപടികൾ പൂർത്തിയായി. പുനലൂർ ടി.ബി ജംഗ്ഷൻ മുതൽ കോട്ടവസൽ വരെയുള്ള 38 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്.
മന്ത്രി കെ. രാജു