ഓച്ചിറ: കളിക്കളത്തിൽ പന്തുകൾ സ്മാഷ് ചെയ്ത വീര്യത്തോടെ രോഗത്തോടും പൊരുതിയ മാത്യൂസ് വിടവാങ്ങി. തിരുവനന്തപുരം ആർ.സി.സിയിലും വെല്ലൂർ മെഡിക്കൽ കോളേജിലും നാലര വർഷത്തോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് മികച്ച വോളീബാൾ താരവും കോച്ചുമായിരുന്ന തഴവ കുതിരപ്പന്തി കണ്ണമ്പള്ളിൽ മാത്യൂസ് വിടവാങ്ങിയത്.
ജീവിതത്തിലും കളിക്കളത്തിലും ആത്മവിശ്വാസത്തിന്റെ ആൾരൂപമായിരുന്നു മാത്യൂസ്. ജീവിതത്തിലും സ്പോർട്സിലും. നിരവധി വർഷക്കാലം എം.ജി യൂണിവേഴ്സിറ്റി പുരുഷ വനിതാ ടീമുകളുടെ മാനേജരും കോച്ചുമായിരുന്നു ഇദ്ദേഹം. 2017ൽ കണ്ണൂരിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ വോളീബാൾ ടൂണമെന്റിൽ എം.ജി യൂണിവേഴ്സിറ്റി കീരീടം നേടുമ്പോൾ മാത്യൂസായിരുന്നു കോച്ച്. ഏറണാകുളം മഹാരാജാസ്, മൂന്നാർ ഗവ.കോളേജ് എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിരുന്ന ഇദ്ദേഹം അവസാന കാലഘട്ടത്തിൽ ചവറ ഗവ. കോളേജ് കായിക അദ്ധ്യാപകനായിരുന്നു.
1992ൽ ഗ്വാളിയർ എൽ.എൻ.സി.പിയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ പി.ജിയെടുത്ത മാത്യൂസ് സ്പോർട്സ് മെഡിസിനിൽ തീസിസ് സമർപ്പിച്ച് ഡോക്ടറേറ്റിനായി കാത്തിരിക്കുകയായിരുന്നു. ഒരുകാലത്ത് വോളീബാളിന്റെ ഈറ്റില്ലമായിരുന്നും തഴവ കുതിരപന്തി. ദേശിയതലത്തിൽ വരെ കളിച്ച താരങ്ങളുടെ നാട്. പിന്നീട് കുതിപ്പന്തിക്ക് നഷ്ടപെട്ട വോളീബാൾ പ്രതാപം വീണ്ടെടുക്കുവാനും മാത്യൂസ് ശ്രമം നടത്തിയിരുന്നു. കുതിരപ്പന്തി പരിഷ്കാര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ അവധിക്കാല കോച്ചിംഗ് ക്ലാസിലൂടെ നിരവധി പ്രതിഭകളെ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഭാര്യ: സോജി സാറാ ജോയ് (ശ്രീബുദ്ധാ സെൻട്രൽ സ്കൂൾ, തൊടിയൂർ). മക്കൾ ജോയൽ, ജോഷ്. സംസ്കാരം ഇന്ന് ഇച്ചക്ക് 2ന് കൊറ്റമ്പള്ളി മാർ ഏലിയ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.