കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രി വളപ്പിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. കൊല്ലം എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി 11.30 ഓടെ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. മെറ്റേണിറ്റി ബ്ലോക്കിനും സൂപ്രണ്ടിന്റെ ഓഫീസിനും ഇടയിൽ വളർത്തിയിരുന്ന പൂച്ചെടികൾക്കിടയിലാണ് ചെടി നിന്നത്. 60 സെന്റീ മീറ്ററോളം ഉയരമുണ്ടായിരുന്നു. ഇത് നട്ടുപിടിപ്പിച്ചിട്ട് ഏകദേശം ആറ് മാസമാകുമെന്ന് കരുതുന്നു. ആരുടെയും ശ്രദ്ധയിൽപ്പെടാത്ത സ്ഥലമാണിത്. പുറത്തുള്ള ആരെങ്കിലുമാകാം ചെടി നട്ടുവളർത്തിയതെന്നാണ് എക്സൈസ് സംഘം പറയുന്നത്. ആശുപത്രി വളപ്പാകെ പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്തിയില്ല. സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർമാരായ നിഷാദ്, ദിലിപ്, ഷിഹാബുദീൻ. ഷെഹർഷാ, റെജി, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്, മനു കെ. മണി, ശ്രീനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.