dee
ദീപു നിഥിനും കണ്ണനും

കൊല്ലം: മയ്യനാട് മുക്കം ബീച്ചിന് സമീപത്ത് വച്ച് വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി. മുക്കം ലൂർദ്ദ് മാതാ പള്ളിക്ക് സമീപം തൊടിയിൽ വീട്ടിൽ ദീപുനിഥിൻ (20), കൊട്ടിയം പാർത്ഥസാരഥി വീട്ടിൽ കണ്ണൻ (20) എന്നിവരാണ് പിടിയിലായത്.
കൊല്ലം ടി.കെ.എം കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും ഉമയനല്ലൂർ അബ്ദുള്ള മൻസിലിൽ സജീദിന്റെ മകനുമായ ജുനൈദിനെ (19) ആക്രമിച്ച കേസിലാണ് അറസ്റ്റ്. നാല് പേർ നേരത്തെ പിടിയിലായിരുന്നു. ബാക്കിയുള്ളവരെ കണ്ടെത്താൻ എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തങ്കശ്ശേരിയിലെ വീട്ടിൽ നിന്നാണ് ദീപുനിഥിൻ പിടിയിലായത്. ദീപുനിഥിനെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കണ്ണന്റെ പേരിൽ കേസെടുത്തിരുന്നില്ല. കൊട്ടിയത്തെ വീട്ടിൽ നിന്ന് കണ്ണനെ പിടികൂടുകയായിരുന്നു. പിടിച്ചുപറി, വധശ്രമം, മോഷണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ നിരവധി കേസുകളിൽ ദീപു പ്രതിയാണ്. വിദ്യാർത്ഥിയെ ആക്രമിച്ചതിന് പിന്നാലെ

ദീപു ഒരു ബൈക്ക് മോഷ്‌ടിച്ച് ഒളിവിൽ പോകുകയായിരുന്നു. പിന്നീട് ഈ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പൊലീസ് പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്‌തതിന്റെ പേരിൽ ഒരു യുവാവിനെ ദീപു ഭീഷണിപ്പെടുത്തിയിരുന്നു.
ഒരുമാസം മുൻപാണ് കേസിനാസ്പദമായ സംഭവം. ബന്ധുവിന്റെ വിവാഹത്തിന് തുണിയെടുക്കാൻ പരവൂരുള്ള അമ്മാവന്റെ മെൻസ്‌ വെയറിൽ സുഹൃത്തുമൊത്ത് പോയി മടങ്ങിവരുകയായിരന്നു ജുനൈദ്. മുക്കം ബീച്ചിലെത്തിയപ്പോൾ ദീപു നാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ ആഡംബര ബൈക്ക് ആവശ്യപ്പെട്ടു. താക്കോൽ പിടിച്ചുവാങ്ങി. വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

ഇരവിപുരം സ്റ്റേഷനിലെ എസ്.ഐമാരായ എ.പി. അനീഷ്, സുജീഗ് ജി. നായർ, എ.എസ്.ഐ രാജേന്ദ്രൻ, സി.പി.ഒമാരായ വിനു വിജയ്, അനീഷ് കുമാർ, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.