കൊല്ലം: ജില്ലാ ആയുർവേദ ആശുപത്രിയെ അത്യാധുനിക സൗകര്യങ്ങളേടെയുള്ള ചികിത്സാ കേന്ദ്രമാക്കാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. 2.64 ഏക്കറുള്ള ആശുപത്രി വളപ്പിൽ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നതൊഴികെയുള്ള സ്ഥലം പ്രയോജനപ്പെടുത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഹാബിറ്റാറ്റ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ആയുർവേദത്തിനുള്ള സമഗ്ര പഠന ഗവേഷണ കേന്ദ്രമായി ജില്ലാ ആയുർവേദാശുപത്രി മാറും.
ഇതിന് മുന്നോടിയായി ഹാബിറ്റാറ്റ് ചെയർമാൻ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീലേഖ വേണുഗോപാൽ, സെക്രട്ടറി കെ. പ്രസാദ്, ആയുർവേദ ഡി.എം.ഒ ഡോ. അഭിലാഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എൻ. രവീന്ദ്രൻ, ഡോ. രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
അത്യാധുനിക സൗകര്യങ്ങൾ
ജില്ലാ ആയുർവേദ ആശുപത്രിയുടെ വികസനത്തിനായി തയ്യാറാക്കുന്ന മാസ്റ്റർ പ്ളാനിൽ കൂടുതൽ വാർഡുകളും റൂമുകളും, ആയുർവേദ സംബന്ധമായ എല്ലാ ചികിത്സകൾക്കുമുള്ള സൗകര്യം, വിവിധ ചികിത്സാ വിഭാഗങ്ങൾക്ക് പ്രത്യേകം വാർഡുകൾ, ഹെർബൽ ഗാർഡൻ ഉൾപ്പെടെ ചികിത്സയ്ക്ക് സഹായകരമായ അന്തരീക്ഷം തുടങ്ങിയവ ഉണ്ടാകും. കൂടാതെ ആശുപത്രി വളപ്പിൽ സ്ഥിതി ചെയ്യുന്ന വ്യക്ഷങ്ങൾ അതേപടി നിലനിറുത്തി കേരളീയ വാസ്തുശില്പകലയിൽ നടുമുറ്റം എന്നിവയോടെയാകും പുതിയ വികസനം.