fest
കേരള കൗമുദി അ‌ഞ്ചൽ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സെമിനാർ അഞ്ചൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സി.എൽ. സുധീർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വി.കെ. ജയകുമാർ, കെ. യശോധരൻ, ഡോ. കെ.വി. തോമസ് കുട്ടി, അഡ്വ. ജി. സുരേന്ദ്രൻ എന്നിവർ സമീപം

അഞ്ചൽ:റോഡ് നിയമങ്ങൾ കർശനമായി പാലിച്ചാൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് അഞ്ചൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സി.എൽ. സുധീർ പറഞ്ഞു. കേരള കൗമുദി, കൗമുദി ചാനൽ എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചൽ ഫെസ്റ്റിനോടനുബന്ധിച്ച് വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം, നിയമങ്ങൾ കൊണ്ടുമാത്രം അപകടങ്ങൾ പൂർണ്ണമായി മാറ്റാൻ കഴിയില്ല. റോഡുകളുടെ വികസന കുറവും അപകടത്തിന് കാരണമാകുന്നു. ലൈസൻസ് ഇല്ലാതെ വാഹനങ്ങളുമായി റോഡിൽ ഇറങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അപകടം നിയന്ത്രിക്കാൻ അടിക്കടി ബോധവൽക്കരണവും ആവശ്യമാണ്. കുട്ടികൾ വാഹനങ്ങളുമായി റോഡിൽ ഇറങ്ങുന്നത് നിയന്ത്രിക്കേണ്ട ബാദ്ധ്യത പൊലീസിന് മാത്രമല്ല. രക്ഷിതാക്കളും ഇക്കാര്യത്തിൽ ജാഗരൂകരായിരിക്കണം. അപകടനിയന്ത്രണത്തിന് മാദ്ധ്യമങ്ങളുടെ സഹായവും അനിവാര്യമാണ്. വാഹനം ഓടിക്കുമ്പോൾ അശ്രദ്ധമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അപകടം പെരുകാൻ കാരണമാകുന്നു.

യോഗത്തിൽ രചനാ ഗ്രാനൈറ്റ്സ് എം.ഡിയും കോ സ്പോൺസറുമായ കെ.യശോധരൻ അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി.തോമസ് കുട്ടി മോഡറേറ്ററായിരുന്നു.

തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവ‌ർത്തനത്തിന് അഞ്ചൽ ശ്രീകൃഷ്ണാ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ എസ്. അജിത് കുമാറിന് കേരള കൗമുദിയുടെ ഉപഹാരം ശബരിഗിരി ഗ്രൂപ്പ് ചെയർമാനും മുഖ്യ സ്പോൺസറുമായ ഡോ.വി.കെ. ജയകുമാർ സമ്മാനിച്ചു. ആഘോഷ കമ്മിറ്റി സെക്രട്ടറി അഡ്വ. ജി. സുരേന്ദ്രൻ, പ്ലാനിംഗ് ബോർഡ് റിട്ട. അഡീ. ഡയറക്ടർ കെ. നടരാജൻ, ജി.ഡി.പി.എസ്. കേന്ദ്ര കമ്മിറ്റി അംഗം ആർച്ചൽ സോമൻ, ജില്ലാ കമ്മിറ്റി അംഗം ജി. കമലാസനൻ, ബി. വേണുഗോപാൽ, ബാബുക്കുട്ടൻ, മുരളി പുത്താറ്റ്, ഷാജഹാൻ കൊല്ലൂർവിള, സന്തോഷ് കുമാർ ഇടമുളയ്ക്കൽ, കെ. രാജേന്ദ്രബാബു, കെ. സോമരാജൻ, സുകുമാരൻ പനച്ചവിള, ഗിരീഷ്, കേരള കൗമുദി സെയിൽസ് എക്സിക്യൂട്ടീവുമാരായ സി. ദിലീപ്കുമാർ, ബിജോയ് തുടങ്ങിയവർ സംബന്ധിച്ചു. കേരള കൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീശൻ സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ അഞ്ചൽ ഗോപൻ നന്ദിയും പറ‌‌ഞ്ഞു.