കീഴടങ്ങിയ പ്രതികൾ

ഓയൂർ: വെളിയം മാലയിൽ തുലവിള പാറക്വാറിക്ക് സമീപം പൂയപ്പള്ളി പൊലീസിന്റെ ആക്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി. വെളിയം മലയിൽ കോട്ടേക്കോണത്ത് ശ്രീരാജ് (39), രാജി ഭവനിൽ രഞ്ജിത്ത് (34) , മാലയിൽ ശരത് ഭവനിൽ സജിത് (29), അരുൺ നിവാസിൽ അജിത് കമാർ (31), സഹോദരൻ അരുൺകുമാർ (30), ആലുംമൂട് റോഡുവിള വീട്ടിൽ ആർട്ടിസ്റ്റ് ബാബു എന്ന് വിളിക്കുന്ന ബാബു (50) എന്നിവരാണ് കീഴടങ്ങിയത്. ഈ മാസം 3നായിരുന്നു കേസിനാസ്പദമായ സംഭവം.

ക്വാറിയിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. വാഹനങ്ങൾ ഓടുമ്പോൾ പൊടി ഉയരുന്നുവെന്ന പരാതിയെതുടർന്ന് ക്വാറിക്കാർ റോഡ് രാവിലെ മുതൽ കോൺക്രീറ്റ് ചെയ്യാൻ തുടങ്ങി. എന്നാൽ രാത്രി പത്തുമണി കഴിഞ്ഞിട്ടും ജോലികൾ അവസാനിച്ചില്ല. ജോലിചെയ്യുന്നവരുടെ ബഹളം ബുദ്ധിമുട്ടി സൃഷ്ടിക്കുന്നതായും ബാക്കി ജോലി പിറ്റേന്ന് രാവിലെ ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരിൽ ചിലർ രംഗത്തെത്തി. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കേറ്രമുണ്ടാകുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

പൂയപ്പള്ളി എസ്.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിട്ടും സംഘർഷത്തിന് അയവുവന്നില്ല. ഇതിനിടെ പൊലീസ് നാട്ടുകാരിൽ നിന്ന് ഒരാളെ ജീപ്പിൽ കയറ്റി. മറുഭാഗത്തു നിന്നും മറ്റൊരാളെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ക്വാറി തൊഴിലാളികൾ ചേർന്ന് തടയുകയും പൊലീസിനെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ എസ്.ഐക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. കൃത്യനിർവഹണം തടസപ്പെടുത്തൽ സംഘം ചേർന്ന് ആക്രമിക്കൽ എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്ത പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.