കൊല്ലം: പുതിയ ആശയങ്ങൾ സൃഷ്ടിക്കാനും ബാങ്കിന്റെ പ്രകടനം അവലോകനം ചെയ്യാനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ശാഖാ മാനേജർമാരുടെ സെമിനാർ സംഘടിപ്പിച്ചു. കൊല്ലം, പത്തനംതിട്ട റീജിയണൽ ഓഫീസുകളിലാണ് 156 ശാഖകളെ ഉൾപ്പെടുത്തി സെമിനാർ സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ വായ്പകൾ വർദ്ധിപ്പിക്കുക, ഡിജിറ്റൽ പണമിടപാട്, സാങ്കേതിക വിദ്യകളുടെ ഉപയോഗം തുടങ്ങിയ നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു.
മുതിർന്ന പൗരൻമാർ, കൃഷിക്കാർ, ചെറുകിട വ്യവസായികൾ, സംരംഭകർ, യുവാക്കൾ, വിദ്യാർത്ഥികൾ, വനിതകൾ തുടങ്ങിയവരുടെ സാമ്പത്തികാവശ്യങ്ങൾക്ക് വ്യക്തി കേന്ദ്രീകൃതമായ ബാങ്കിംഗ് സേവനം ലഭ്യമാക്കേണ്ട ആവശ്യകതയും യോഗത്തിൽ ഉരുത്തിരിഞ്ഞു.
ഐ.ടി വിദഗ്ദ്ധൻ നന്ദൻ നിലേകിനി അടക്കമുള്ളവരുടെ പ്രബന്ധങ്ങളും യോഗം വിശദമായി ചർച്ച ചെയ്തു.
ബാങ്കിന്റെ പ്രകടനം മെച്ചപ്പെടുത്താനും രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാകാനുമുള്ള പ്രായോഗിക നിർദേശങ്ങൾ, ഓരോ ശാഖയുടെ താരതമ്യ പഠനത്തോടൊപ്പം ലോക്കൽ ഹെഡ് ഓഫീസിലേക്ക് കൈമാറി.
കേന്ദ്ര ധനമന്ത്റാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് പൊതുമേഖലാ ബാങ്കുകളുടെ ശാഖാതല യോഗം വിളിച്ച് ചേർത്തത്. ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ശിവപ്രകാശ്, റീജിയണൽ മാനേജർമാരായ എൻ. ശശീന്ദ്രൻപിള്ള, ഷീബ വർഗ്ഗീസ്, പ്രദീപ് ചന്ദ്രൻ, സുരേഷ്. കെ എന്നിവർ നേതൃത്വം നൽകി.