ശാസ്താംകോട്ട: വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നത് ആകരുതെന്നും ദിശാബോധമില്ലാതെയുള്ള തീരുമാനങ്ങൾ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ ആയിരിക്കെ മരണമടഞ്ഞ വൈ. കമറുദ്ദീന്റെ നാലാം വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഭ്യന്തരവകുപ്പിലെ നീതിമാന്മാരായ ഉദ്യോഗസ്ഥർ സേനയുടെ ഇന്നത്തെ അവസ്ഥയിൽ ഏറെ ദുഃഖിതരാണ്. ഭയപ്പാട് ഇല്ലാതെ ജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിൽ ചെല്ലുന്നതിനുള്ള സാഹചര്യം ഉണ്ടാകണം. കമറുദ്ദീനെ പോലെ സത്യസന്ധമായും നീതിയുക്ത മായും പ്രവർത്തിച്ച ഉദ്യോഗസ്ഥർ പോലീസ് സേനയ്ക്കാകെ അഭിമാനമായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഫൗണ്ടേഷൻ പ്രസിഡന്റ് എ. എസ്. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി രവി മൈനാഗപ്പള്ളി സ്വാഗതം പറഞ്ഞു. സെക്രട്ടറി ആർ. രമേശ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സി. എസ്.രഘു അനുസ്മരണ സന്ദേശം നൽകി. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കല്ലട രമേശ്, സാഹിത്യ പ്രതിഭാ പുരസ്കാര ജേതാവ് പി. കെ. അനിൽകുമാർ എന്നിവരെ അനുമോദിച്ചു.
സിവിൽ സർവീസ് ജേതാക്കൾ, പിഎച്ച്. ഡി, മെഡിക്കൽ എൻട്രൻസ് ജേതാക്കൾ എന്നിവർക്ക് കോവൂർ കുഞ്ഞുമോൻ എം.എൽ.എയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് വിതരണം യുവജനക്ഷേമ ബോർഡ് മെമ്പർ സി.ആർ. മഹേഷും നിർവഹിച്ചു. ശ്രീലേഖ വേണുഗോപാൽ, തോമസ് വൈദ്യൻ, സുധീർ ജേക്കബ്, പുഷ്പകുമാരി, അമ്പിളി, ലതാകുമാരി, വിക്രമൻ, സോപാനം ശ്രീകുമാർ, അജി കാട്ടി ശ്ശേരിൽ, ഉണ്ണിഇലവിനാൽ, വൈ. നജീം, വൈ. സലീം തുടങ്ങിയവർ പ്രസംഗിച്ചു.