c
അഞ്ചൽ ഫെസ്റ്റിൽ ഗാനസന്ധ്യ അവതരിപ്പിച്ച അഞ്ചൽ സിംഫണി ബീറ്സ് ടീം

അഞ്ചൽ: ട്രാക്ക് ഗാനങ്ങൾ ഒത്തിരി കേട്ട അഞ്ചൽ ഫെസ്റ്റിലെ കലാസന്ധ്യയിൽ ഇന്നലെ അഞ്ചൽ സിംഫണിയുടെ ഗാനമേള വേറിട്ട അനുഭവമായി.

എച്ച്. ഡി. എഫ് .സി ബാങ്ക് ജീവനക്കാരനും ഏരൂർ സ്വദേശിയുമായ ഷിബുരവീന്ദ്രന്റെ
വെള്ളാരം പൂമല മേലെ... എന്ന ഗാനത്തോടെയായിരുന്നു തുടക്കം.
ഹൃദയം കീഴടക്കിയ ഷിബുവിന്റെ ഓരോ പാട്ടും പ്രേക്ഷകർ കയ്യടിച്ച് അഭിനന്ദിച്ചു. കേട്ടു മറന്നതും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നതുമായ മലയാളം, തമിഴ്, ഹിന്ദി പാട്ടുകൾ സദസിന് നന്നേ രസിച്ചു.
ഫിറോസ് സിംഫണിയും അഞ്ചൽ വെസ്റ്റ് സ്കൂൾ പത്താം ക്ലാസ്സുകാരി മെറിൻ മാത്യുവും ചേർന്നു പാടിയ യുഗ്മഗാനം സവിശേഷതയുള്ളതായിരുന്നു.
മുക്കാലാ പാടിയ സെന്റ് ജോൺസ് കോളേജിലെ ശ്യാം കാണികളെയും ഒപ്പം കൂട്ടി.
കുളത്തൂപ്പുഴ സ്വദേശി പതിനൊന്നാം ക്ലാസ്സുകാരി ശ്രീക്കുട്ടി സെമി ക്‌ളാസിക്കൽ ഗാനങ്ങളുമായാണ് വേദിയിൽ തിളങ്ങിയത്.
റിഥം പാഡിൽ വിഷ്ണുവും, കീബോർഡിൽ അമലും, ഡ്രംസിൽ സന്ദീപും സാമ്പ്ളറിൽ വിപുവും ഗിത്താറിൽ ശ്രീറാമും തിളങ്ങി. ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയരായ സിംഫണിയുടെ ഗാനമേള ആസ്വാദിക്കാൻ വൻ ജനാവലിയും എത്തിയിരുന്നു. ഗായകർക്ക് കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ കേരളകൗമുദിയുടെ ഉപഹാരവും പതക്കവും നൽകി.