monkey
ശാസ്താംകോട്ടയിലെ ജനങ്ങൾക്ക് ഭീഷണിയായ ചന്തക്കുരങ്ങുകൾ

ശാസ്താംകോട്ട: ശാസ്താംകോട്ടയിലെ ശല്യക്കാരായ ചന്തക്കുരങ്ങുകളെ പിടികൂടാൻ തീരുമാനമായി, അടുത്ത ആഴ്ചയിൽ കൂട് സ്ഥാപിക്കും. കുരങ്ങുകളുടെ ശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ വലിയ പ്രതീക്ഷയിലാണ്. ശല്യക്കാരായ ചന്തക്കുരങ്ങുകളെ പിടികൂടി വനത്തിലേക്ക് അയക്കാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.എ.പി അസി. കൺസർവേറ്റർ സജീവ് കുമാർ, ഡെപ്യൂട്ടി റേഞ്ചർ ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക വിലയിരുത്തൽ നടത്തി.

കൂട് സ്ഥാപിച്ച് ഇതിൽപ്പെടുന്ന കുരങ്ങുകളെ വനത്തിൽ വിടുവാനാണ് തീരുമാനം. ശാസ്താംകോട്ടയ്ക്ക് ശാപമായി ചന്തക്കുരങ്ങുകൾ' എന്ന തലക്കെട്ടിൽ നേരത്തെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത സജീവ ചർച്ചയ്ക്ക് വഴിമരുന്നിട്ടതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവിടം സന്ദർശിക്കുകയും പഞ്ചായത്തിന്റെയും മറ്റ് സാമൂഹ്യ സാംസ്കാരിക പ്രവർ‌ത്തകരുടെയും യോഗം വി ളിച്ച് ചേർത്ത് വിഷയം ചർച്ച ചെയ്യുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കുരങ്ങുകളെ പിടികൂടി വനവാസത്തിന് അയക്കാൻ തീരുമാനം ആയെങ്കിലും നടപ്പാക്കാൻ കഴിഞ്ഞില്ല.

ഇവരാണ് ചന്തക്കുരങ്ങുകൾ

ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള കുരങ്ങുകൾ നാട്ടുകാരുടെയും പുറമെ നിന്നും എത്തുന്ന ഭക്തരുടെയും ഇഷ്ടക്കാരാണ്. എന്നാൽ ക്ഷേത്ര പരിസരം വിട്ട് നിൽക്കുന്ന കുരങ്ങുകൾ ശല്യക്കാരാണ്. ചന്തക്കുരങ്ങുകൾ എന്നാണ് ഇവയെ അറിയപ്പെടുന്നത്. അമ്പതിൽപ്പരം കുരങ്ങുകളാണ് ഇത്തരത്തിൽ ശല്യക്കാരായി ഉള്ളത്. ചക്ക, മാങ്ങ സീസൺ അവസാനിച്ചതോടെ ഇവയുടെ ശ്രദ്ധ മറ്റിടങ്ങളിലേക്കായി. തെങ്ങിൽ നിന്ന് കരിക്ക് അടർത്തി കുടിക്കുകയാണ് ഇപ്പോൾ. മറ്റ് കൃഷിവിളകളും നശിപ്പിക്കുന്നുണ്ട്. കടകളിലും വീടുകളിലും കയറി ആഹാര സാധനങ്ങൾ മോഷ്ടിക്കുന്നത് പതിവായി. കുടിവെള്ള ടാങ്കുകളുടെ മൂടി മാറ്റിയശേഷം ഇതിൽ ഇറങ്ങി മുങ്ങിക്കുളിയുമുണ്ട്. ഇതോടെയാണ് നാട്ടുകാർ ചന്തക്കുരങ്ങുകൾക്കെതിരെ ചിന്തിച്ച് തുടങ്ങിയത്. ഇവയെ പിടികൂടി നാട് കടത്തണമെന്ന് പൊതു ആവശ്യമായി ഉയർന്നു. ഗ്രാമപഞ്ചായത്തും ഇതിന് പച്ചക്കൊടി കാട്ടി.

മുമ്പ് പിടികൂടിയത് 104 കുരങ്ങുകളെ

മുമ്പ് ചന്തക്കുരങ്ങുകൾ ശല്യക്കാരായി മാറിയപ്പോൾ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവിടെ നിന്ന് 104 കുരങ്ങുകളെ പിടികൂടി ശെന്തുരുണി വനത്തിൽ വിട്ടിരുന്നു. അന്ന് ഡൽഹിയിൽ നിന്ന് വാതാവരൺ സംഘമെത്തിയാണ് ഏറെ ശ്രമകരമായി കുരങ്ങുകളെ പിടിച്ചത്. എന്നാൽ ഇത്തവണ വാതാവരൺ സംഘത്തെ എത്തിയ്ക്കാനുള്ള ശ്രമം നടന്നില്ല. ചർച്ചകൾ പലവഴിക്ക് പോയതോടെ കുരങ്ങ് പിടിത്തം അധികൃതർ ഉപേക്ഷിച്ചു. കഴി‌ഞ്ഞ മാസം ജില്ലാ കളക്ടർ ശാസ്താംകോട്ടയിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ വിഷയം വീണ്ടും ചർച്ചയായി. തുടർന്നാണ് കുരങ്ങ് പിടിത്തം സജീവ ചർച്ചയ്ക്ക് എത്തിയത്. വനം വകുപ്പ് പച്ചക്കൊടി കാട്ടിയതോടെ കുരങ്ങുകളെ കൂട് വച്ച് പിടികൂടി കാട്ടിൽ വിടാൻ തീരുമാനവുമായി.