corporation
CORPORATION

 ലക്ഷ്യം സുസ്ഥിരവും പരിസ്ഥിതി സൗഹാർദ്ദവുമായ വികസനരേഖ

കൊല്ലം: നഗരത്തിന് സുസ്ഥിരവും പരിസ്ഥിതി സൗഹാർദ്ദവുമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഡിസൈൻ കോൺക്ലേവ് സംഘടിപ്പിക്കുന്നു. നഗരവികസന പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അർബൻ ഡിസൈനേഴ്സ് ഇന്ത്യയുമായി സഹകരിച്ച് അടുത്തമാസം അവസാനവാരമാണ് കോൺക്ലേവ് നടക്കുക.

ജില്ലയുടെ സാംസ്കാരിക പാരമ്പര്യവും ചരിത്രവും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം, ദുരന്തനിവാരണ സംവിധാനങ്ങൾ, മെച്ചപ്പെട്ട നഗരഭരണം, ടൂറിസം രംഗത്ത് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ, മാലിന്യ സംസ്കരണം, ഗതാഗത ക്രമീകരണം എന്നിവ മുൻനിർത്തി കൊല്ലം നഗരത്തിന് ആഗോള നിലവാരത്തിലുള്ള മാസ്റ്റർ പ്ലാനാകും തയ്യാറാക്കുക.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 നഗരാസൂത്രണ പ്രൊഫഷണലുകൾ കോൺക്ലേവിൽ പങ്കെടുക്കും. വിവിധ കോർപ്പറേഷൻ, മുൻസിപ്പൽ ചെയർമാൻമാർ, തദ്ദേശ സ്വയംഭരണ വകുപ്പ്, സംസ്ഥാന ടൗൺ പ്ലാനിംഗ് വിഭാഗം, മറ്റ് പ്രധാന സർക്കാർ വകുപ്പുകളിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അർബൻ ഡിസൈൻ പി.ജി വിദ്യാർത്ഥികൾ തുടങ്ങിയവരും പങ്കെടുക്കും.

 മൂന്ന് സെഷനുകൾ

നഗരത്തിന്റെ വികസനം ലക്ഷ്യമിട്ട് മൂന്ന് സെഷനുകളായാണ് കോൺക്ലേവ് നടക്കുക. ആദ്യ സെഷനിൽ നഗരാസൂത്രണ വിദഗ്ദ്ധർ അനുഭവങ്ങൾ പങ്കുവയ്ക്കും. രണ്ടാം സെഷനിൽ വിജയകരമായ മാതൃകകളെക്കുറിച്ച് ചർച്ച നടക്കും. മൂന്നാം സെഷനിലാണ് കൊല്ലത്തിന്റെ വികസന രൂപരേഖ തയ്യാറാക്കുക. ഇന്ന് ചേരുന്ന നഗരസഭാ കൗൺസിൽ യോഗം കോൺക്ലേവിന്റെ രൂപരേഖയ്ക്ക് അന്തിമരൂപം നൽകും.

 200 നഗരസഭാ പ്രൊഫഷണലുകൾ പങ്കെടുക്കും

 '' പ്രമുഖ നഗരങ്ങളുടെ വികസന രൂപരേഖ തയ്യാറാക്കിയിട്ടുള്ള അർബൻ ഡിസൈനർമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. ഇവരുടെ അനുഭവങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. കോൺക്ലേവ് കൊല്ലത്തിന്റെ ഭാവി വികസനത്തിന് ഏറെ പ്രയോജനപ്പെടും. ''

വി. രാജേന്ദ്രബാബു (മേയർ)