c
വിവാഹ ആർഭാഡം ഒഴിവാക്കി മൈലം അറപ്പുരയിൽ സുരേഷ് കുമാർ ഏഴു കുടുംബങ്ങൾക്ക് ധനസഹായ വിതരണം നടത്തുന്നു

കൊട്ടാരക്കര: അനാവശ്യ ചെലവുകളും ആഡംബരവും ഉപക്ഷിച്ച് ഏഴു നി‌ർദ്ധന കുടുംബങ്ങൾക്കു സഹായം നൽകിക്കൊണ്ട് അഖിൽ വിവാഹിതനായത് നാട്ടുകാർക്ക് മാതൃകയായി. വിമുക്ത ഭടനായ മൈലം അറപ്പുരയിൽ സുരേഷ് കുമാറിന്റെ മകൻ അഖിലിന്റെ വിവാഹമാണ് യുവാക്കൾക്ക് മാതൃകയായത്. ബഹറൈനിൽ എ.സി മെക്കാനിക്കായി ജോലി നോക്കുകയാണ് അഖിൽ. സുരേഷ് കുമാർ തന്റെ മകന്റെ വിവാഹത്തിനുള്ള അധികച്ചെലവുകൾ ലഘൂകരിച്ച് ഗുരു അരുൾ പ്രകാരം ശിവഗിരിയിൽ വിവാഹം നടത്തിയ ശേഷം ബാക്കി വന്ന തുക ഏഴു നിർദ്ധന കുടുംബങ്ങളുടെ വീടിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും ചികിത്സാ ചെലവിനുമായി നൽകുകയായിരുന്നു. അമ്പതിനായിരം രൂപ വീതമാണ് 7 കുടുംബങ്ങൾക്ക് നൽകിയത്. സുരേഷ് കുമാറിന്റെ ഭാര്യ പ്രസന്ന കുമാരിയുടെയും മകൾ അഹനയുടെയും താൽപ്പര്യ പ്രകാരമാണ് ആർഭാടങ്ങൾ ഒഴിവാക്കി വിവാഹം ശിവഗിരിയിൽ നടത്തിയത്.

വിവാഹശേഷം മൈലം ദേവീവിലാസം സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മുരളീധരൻ സഹായധനം വിതരണം നടത്തി. വാർഡ് അംഗം അരുൺ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപകൻ രാധാകൃഷ്ണൻ, ജിജി വർഗീസ്, സി.ബി. സജി, ആർ. മധു എന്നിവർ സംസാരിച്ചു.