കൊല്ലം: പ്രമാദമായ ജോസ് സഹായൻ വധക്കേസ് വിചാരണ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് തുടങ്ങും.
2009 ജൂലായ് 25 ന് രാത്രി 9.45നാണ് കേസിനാസ്പദമായ സംഭവം. ആദിച്ചനല്ലൂർ മൈലക്കാട് കടപ്പാതൊടിയിൽ വീട്ടിൽ ജോസ് സഹായനെ സമീപവാസി വാടക ഗുണ്ടകളുടെ സഹായത്തോടെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചെന്നാണ് കേസ്. ജോസ് സഹായനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം പുലർച്ചെ മരിച്ചു. കേസിലെ നാലാം പ്രതിയുടെ പ്രണയബന്ധം പെൺകുട്ടിയുടെ വീട്ടിൽ അറിയിച്ചതും വഴിതർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. നാലാംപ്രതി നിരവധി കേസുകളിൽ പ്രതികളായ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വാടക ഗുണ്ടകളെ കാറിൽ കൊണ്ടുവന്ന് മൈലക്കാട് ജംഗ്ഷനിലെ കടയിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന ജോസിനെ ആക്രമിക്കുകയായിരുന്നു.
കോളിളക്കം സൃഷ്ടിച്ച കേസിൽ ഏറെക്കാലം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. കേസിലെ പത്ത് പ്രതികളിൽ ഒരാൾ മരിച്ചു. 85 സാക്ഷികളിൽ ആദ്യ മൂന്ന് പേരെയാകും ഇന്ന് വിസ്തരിക്കുക. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ. സേതുനാഥ് ഹാജരാകും.