മരണകാരണം ന്യുമോണിയ ബാധയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൊല്ലം: അഞ്ചാലുംമൂട് ഗവ.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി ലിബിൻ സന്തോഷ് (19) കുഴഞ്ഞുവീണ് മരിച്ചത് സംഘർഷത്തിനിടെയെന്ന് വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകി. പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയായ ലിബിൻ തിങ്കളാഴ്‌ച ഉച്ചയ്‌ക്കാണ് സ്‌കൂൾ വരാന്തയിൽ കുഴഞ്ഞുവീണത്. ഭക്ഷണം കഴിച്ച ശേഷം സ്‌കൂൾ മുറ്റത്ത് നില്ക്കുമ്പോൾ മുകളിലത്തെ നിലയിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷം പരിഹരിക്കാനായി മുകളിലേക്ക് കയറിയ ലിബിൻ ഇരുവിഭാഗത്തിനും ഇടയിൽ കുഴഞ്ഞുവീണെന്നാണ് വിദ്യാർത്ഥികൾ ഇന്നലെ പൊലീസിന് മൊഴി നൽകിയത്. സഹപാഠികളാണ് ലിബിനെ താഴെ എത്തിച്ചത്. തുടർന്ന് അദ്ധ്യാപകർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഘർഷത്തെക്കുറിച്ച് അദ്ധ്യാപകർ പൊലീസിനോട് പറഞ്ഞില്ല. മരണകാരണം ന്യുമോണിയ എന്നാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ആന്തരികാവയവങ്ങൾ രാസ പരിശോധനയ്‌ക്കായി ശേഖരിച്ചു. മരണത്തിനു പിന്നിൽ ദുരൂഹതയുള്ളതിനാൽ സമഗ്ര അന്വേഷണം വേണമെന്ന് ലിബിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. സ്‌കൂളിലെ പ്ലസ് ടു കുട്ടികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ വോയ്സ് ക്ലിപ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു പരാതി. തുടർന്നാണ് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തത്. ഇന്നലെ സ്‌കൂളിൽ പൊതുദർശനത്തിനുവച്ച ലിബിന്റെ മൃതദേഹം വൈകിട്ട് അഷ്ടമുടി അഷ്ടജലറാണി ദേവാലയ സെമിത്തേരിയിൽ സംസ്‌കരിച്ചു. അഷ്‌ടമുടി വടക്കേക്കര മാതാ ഭവനിൽ സന്തോഷ് - മഞ്‌ജു ദമ്പതികളുടെ മകനാണ് ലിബിൻ. സഹോദരി അലീന. സംഘർഷങ്ങൾ പതിവായിട്ടും? അദ്ധ്യയന വർഷം ആരംഭിച്ചതുമുതൽ സ്‌കൂളിലെ പ്ലസ് ടു വിഭാഗം വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് പതിവായിട്ടും രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി വിഷയങ്ങൾ അവസാനിപ്പിക്കാൻ അദ്ധ്യാപകർ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. സംഘർഷങ്ങൾ പുറംലോകമറിയാൻ ഒരു വിദ്യാർത്ഥിക്ക് ജീവൻ വെടിയേണ്ടി വന്നു. തങ്ങൾക്ക് പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ പൊലീസിന്റെ സഹായം തേടാനും അദ്ധ്യാപകർ ശ്രമിച്ചിരുന്നില്ല. സ്‌കൂളിനുള്ളിലെ ചില പ്രത്യേക മേഖലകൾ സംഘർഷ സ്ഥലങ്ങളാണെന്നും കുട്ടികൾ പറയുന്നു. മൊഴി നൽകാതെ അദ്ധ്യാപകർ അദ്ധ്യാപകരുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന് മനസിലാക്കിയ അഞ്ചാലുംമൂട് പൊലീസ് കുട്ടികളിൽ നിന്നാണ് സംഭവങ്ങൾ ചോദിച്ചറിഞ്ഞത്. അദ്ധ്യാപകർ സംഘർഷത്തെക്കുറിച്ച് മൊഴി നൽകാൻ തയ്യാറായില്ല. കുട്ടികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളിൽ ചിലരെ ഇന്നലെ രാവിലെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. മൃതദേഹ പരിശോധനയിൽ മർദ്ദനമേറ്റ പാടുകൾ കണ്ടിരുന്നില്ല. മർദ്ദനമേറ്റല്ല മരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചതോടെയാണ് കൊലപാതകമെന്ന സംശയം അവസാനിച്ചത്. പക്ഷേ, സ്‌കൂളിലെ സംഘർഷങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.