തൊടിയൂർ: മിനിമം ബോണസ് ആവശ്യപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക് നടത്തി. ഇതോടനുബന്ധിച്ച് ഫാക്ടറിപ്പടിക്കൽ ചേർന്ന യോഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. 2018ൽ ചേർന്ന മന്ത്രിതല യോഗത്തിന്റെ തീരുമാനപ്രകാരവും സമാനസ്വഭാവമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ നൽകുന്ന ബോണസ് കണക്കിലെടുത്തും കേരള ഫീഡ്സ് തൊഴിലാളികൾക്കും അർഹതപ്പെട്ട നിയമപരമായ ബോണസ് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫാക്ടറിയിലെ ഐ.എൻ.ടി.യു.സി യൂണിറ്റ് പ്രസിഡന്റും എ.ഐ.സി.സി അംഗവുമായ സി ആർ. മഹേഷ്
സംസാരിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറിയും എ.ഐ.ടി.യു.സി നേതാവുമായ ജെ. ജയകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി.എം.എസ് ജില്ലാ സെക്രട്ടറി പ്രസന്നൻ, യു.ടി.യു.സി നേതാവ് എം.എസ്. ഷൗക്കത്ത് , എച്ച്.എം.എസ് നേതാവ് റെജി കരുനാഗപ്പള്ളി, എ.ഐ.ടി യു.സി നേതാവ് കടത്തൂർ മൻസൂർ, എ.എ. അസീസ് എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു യൂണിറ്റ് സെക്രട്ടറി വൈ. ജലീൽ സ്വാഗതം പറഞ്ഞു. സമരത്തിനിടെ ഫാക്ടറിക്കുള്ളിൽ കടക്കാൻ ശ്രമിച്ച യൂണിറ്റ് ഹെഡ് ഷീലയെ തൊഴിലാളികൾ തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബോണസ് പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ 29 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.