കൊട്ടാരക്കര: നാല് കിലോഗ്രാം കഞ്ചാവുമായി മയ്യനാട് സ്വദേശിയായ യുവാവ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായി. ജില്ലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയായ മയ്യനാട് പുല്ലിച്ചിറ പറന്തിയിൽ നൈനു മൻസിലിൽ റാഫിയാണ് പിടിയിലായത്.
തമിഴ്‌നാട്ടിൽ നിന്ന് വൻ തോതിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ച് ചെറുപൊതികളാക്കി വിദ്യാർത്ഥികൾക്ക് വില്പന നടത്തുന്ന സംഘം കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്നതായി റൂറൽ എസ്.പി ഹരിശങ്കറിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് റാഫിയെ പിടികൂടിയത്. കൊട്ടാരക്കര എസ്.ഐ രാജീവ്, എ.എസ്.ഐ അജയകുമാർ, സി.പി.ഒമാരായ അനിൽ കോമത്, ഷിബു, റൂറൽ ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ ഐ ശിവശങ്കരപ്പിള്ള, ഷാജഹാൻ, അജയകുമാർ, സജി ജോൺ, രാധാകൃഷ്ണപിള്ള, സലിൽ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.