എഴുകോൺ: പ്രായപരിധി ചൂണ്ടിക്കാട്ടി 5 തൊഴിലാളികളെ മുൻകൂർ നോട്ടീസ് നൽകാതെ പിരിച്ചുവിട്ടത്തിൽ പ്രതിഷേധിച്ച് എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ പണിമുടക്കി. ടെൻഡർ നേടിയ പുതിയ ഏജൻസിയോട് ആശുപത്രി അഡ്മിനിസ്ട്രേഷൻ മുന്നോട്ട് വച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇത് കേന്ദ്ര തൊഴിലാളി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാരോപിച്ചാണ് തൊഴിലാളികൾ പണിമുടക്കിയത്. കേന്ദ്ര സർവീസിൽ വിരമിക്കൽ പ്രായം 65 വയസാണെന്നിരിക്കേ പുതിയ കരാറിൽ 18 മുതൽ 50 വയസ് വരെ പ്രായപരിധി കാണിച്ച് അഞ്ച് തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. നിലവിൽ 30 ശുചീകരണ ജീവനക്കാരും 5 അധിക ജീവനക്കാരുമായ 35 വനിതാ ജീവനക്കാരാണ് ശുചീകരണ തൊഴിലാളികളായി ആശുപത്രിയിലുള്ളത്. കഴിഞ്ഞ 16ന് അധിക ജീവനക്കാരെ പിരിച്ച് വിട്ടതിനെ തുടർന്ന് ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയെ തുടർന്ന് പുതിയ എട്ട് പുരുഷ തൊഴിലാളികളെ കൂടി എടുത്ത് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. എന്നാൽ തൊഴിലാളി സംഘടനകളുമായുണ്ടാക്കിയ ധാരണ ലംഘിച്ച് യാതൊരു അറിയിപ്പും നൽകാതെയാണ് ഇന്നലെ അഞ്ച് ജീവനക്കാരെ അധികൃതർ പിരിച്ചുവിട്ടത്. തൊഴിലാളി സംഘടനാ നേതാക്കളുടെ പരാതിയെ തുടർന്ന് ജില്ലാ ലേബർ ഓഫീസർ എസ്. ബിന്ദു ആശുപത്രിയിലെത്തി നടത്തിയ ചർച്ചയിൽ തൽസ്ഥിതി തുടരാൻ ധാരണയായി. തുടർന്ന് ടെൻഡറിലെ ഉയർന്ന പ്രായ പരിധിയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന തൊഴിൽ വകുപ്പ് ഇ.എസ്.ഐ കോർപ്പറേഷന് കത്ത് നൽകുമെന്നും ലേബർ ഓഫീസർ അറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. തനൂജ, ഡെപ്യൂട്ടി സൂപ്രണ്ട് ബിജു, സി.ഐ.ടി.യു നേതാക്കളായ ഓമനക്കുട്ടൻ, കൃഷ്ണകുമാർ, എഴുകോൺ സന്തോഷ്, ശിഹാബുദ്ദീൻ, എ.ഐ.ടി.യു.സി നേതാക്കളായ അനിൽ കുമാർ, കെ. ഉദയൻ കാരുവേലിൽ, പി.എ. ഷറഫുദ്ദീൻ, ബി.എം.എസ് ജില്ലാ നേതാവ് പരിമണം ശശി, ഓമനക്കുട്ടൻ, ചന്ദ്രശേഖര പിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു.