c
സി.പി.ഐയിൽ പൊട്ടിത്തെറി

കൊട്ടാരക്കര: വിഭാഗീയതയെ തുടർന്ന് നെടുവത്തൂരിൽ സി.പി.ഐയിൽ പൊട്ടിത്തെറി. ജില്ലാ നേതാവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആകെയുള്ള ഗ്രാമ പഞ്ചായത്തംഗവുമടക്കം 170 സജീവ പ്രവർത്തകർ പാർട്ടിയിൽ നിന്ന് രാജിവച്ചു. ഇന്നലെ കൊട്ടാരക്കരയിൽ വാർത്താസമ്മേളനം നടത്തിയാണ് തങ്ങൾ രാജിവയ്ക്കുന്ന വിവരം ഇവർ അറിയിച്ചത്. ഇനി ഒരുതരത്തിലുമുള്ള ചർച്ചയ്ക്കില്ലെന്നും അഴിമതിയും വിഭാഗീയതയും മാത്രമുള്ള പാർട്ടി നേതൃത്വവുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്നും നേതാക്കൾ ആരോപിച്ചു. ഏറെ നാളായി ഇവിടെ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പോടെ പ്രകടമായി പുറത്ത് വന്നിരുന്നു.

സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ആർ. രാജേന്ദ്രന്റെയും പി.എസ്. സുപാലിന്റെയും പേരുകൾ ചർച്ചയ്ക്കെടുത്തപ്പോൾ പി.എസ്. സുപാലിന് അനുകൂല നിലപാട് സ്വീകരിച്ചവരാണ് പാർട്ടി വിട്ടത്. നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ ചുമതലക്കാരനാണ് സംസ്ഥാന കമ്മിറ്റി അംഗമായ ആർ. രാജേന്ദ്രൻ. അനുജൻ ആർ. മുരളീധരൻ മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമാണ്. പാർട്ടി ഘടകങ്ങൾക്കപ്പുറം സഹോദരങ്ങൾ തമ്മിൽ തീരുമാനിച്ച കാര്യങ്ങളാണ് മണ്ഡലത്തിൽ നടപ്പാക്കിയിരുന്നതെന്നും അതിന്റേതായ വിഭാഗീയ പ്രശ്നങ്ങൾ നെടുവത്തൂർ പഞ്ചായത്തിൽ പ്രകടമായിരുന്നെന്നും നേതാക്കൾ പറഞ്ഞു. ഒടുവിൽ നടന്ന നെടുവത്തൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ലോക്കൽ കമ്മിറ്റി പോലും വിളിച്ച് കൂട്ടാതെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. അഴിമതിയാരോപണങ്ങളെ തുടർന്ന് പാർട്ടി അന്വേഷണ കമ്മിഷനെ വച്ച് അന്വേഷിപ്പിക്കുകയും കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തയാളെ ബാങ്ക് പ്രസിഡന്റാക്കിയതും വിവാദങ്ങൾക്ക് ആക്കംകൂട്ടി. തുടർന്നാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ച് ചേർത്ത് പാർട്ടി വിടുന്നതിനെപ്പറ്റി ആലോചിച്ചത്.

നേതാക്കളായ ഡി. മോനച്ചൻ, ഗ്രാമ പഞ്ചായത്തംഗം വല്ലം ഉണ്ണിക്കൃഷ്ണ പിള്ള, ക്ഷീര സംഘം പ്രസിഡന്റ് എസ്. സുരേഷ്, മലയാളീ ലൈബ്രറി സെക്രട്ടറി ഡി. സുഭാഷ് ചന്ദ്, മണ്ഡലം കമ്മിറ്റി അംഗം എസ്.ജി. വിനീത്, എ.ഐ.വൈ.എഫ് മുൻ മണ്ഡലം സെക്രട്ടറി അനന്ദു, ബി.കെ.എം.യു ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ഡി. മണി, എ.ഐ.എസ്.എഫ് മുൻ മണ്ഡലം പ്രസിഡന്റ് അതുൽ, 13 ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പാർട്ടിയിൽ നിന്ന് രാജിവച്ചെങ്കിലും മറ്റേതെങ്കിലും പാർട്ടിയിൽ ചേരുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ല

ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. അനിൽ കുമാർ

മണ്ഡലം കമ്മിറ്റി അംഗം ബി.എസ്. ഗോപകുമാർ

പാർട്ടിയിൽ നിന്ന് രാജി വെച്ചവർ

സി.പി.ഐയുടെ പോഷക സംഘടനയായ സഹകരണ വേദിയുടെ ജില്ലാ സെക്രട്ടറിയും കിസാൻ സഭ ജില്ലാ ജോ. സെക്രട്ടറിയുമായ ബി.എസ്. ഗോപകുമാർ, നെടുവത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. അനിൽകുമാർ, മണ്ഡലം കമ്മിറ്റി അംഗം എസ്.ജി. വിനീത്, പഞ്ചായത്തിലെ ഏക ഗ്രാമ പഞ്ചായത്തംഗമായ വല്ലം ഉണ്ണിക്കൃഷ്ണപിള്ള, എട്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 13 ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാർ, അഞ്ച് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, വല്ലം ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റ് എസ്. സുരേഷ് കുമാർ, കിസാൻസഭ, ബി.കെ.എം.യു, എ.ഐ.വൈ.എഫ് ഭാരവാഹികൾ എന്നിവരടങ്ങുന്ന സംഘമാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്.