ധാരണാപത്രത്തിൽ ഒപ്പുവെച്ചു
പദ്ധതിച്ചെലവ് 300 കോടി രൂപയോളം
പടിഞ്ഞാറേക്കല്ലട : പടിഞ്ഞാറേക്കല്ലടയിൽ ഫ്ലോട്ടിംഗ് സോളാർ പദ്ധതി വരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പദ്ധതികളിലൊന്നാണിത്. വൈദ്യുതി ബോർഡ് ചീഫ് എൻജിനിയറും വെസ്റ്റ് കല്ലട നോൺ കൺവെൻഷണൽ എനർജി പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (ഡബ്ലിയു.കെ.എൻ.സി.ഇ.പി) കമ്പനിയുടെ ഡയറക്ടർമാരും ചേർന്ന് ഫ്ലോട്ടിംഗ് സോളാർ പദ്ധതിക്കായുള്ള ഭൂമി കെ.എസ്.ഇ.ബി ലിമിറ്റഡിന് കൈമാറി. തിരുവനന്തപുരം പട്ടത്തെ വൈദ്യുതി ഭവനിൽ വച്ചാണ് ഭൂമി കൈമാറുന്ന ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
കെ.എസ്.ഇ.ബി ചീഫ് എൻജിനിയർ വി.കെ. ജോസഫും ( ആർ.ഇ.ഇ.എസ്) ഡബ്ലിയു.കെ.എൻ.സി.ഇ.പി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായ പടിഞ്ഞാറേക്കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ, മാതിരപ്പള്ളിൽ സതീഷ് കുമാർ എന്നിവരും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുധീർ, പഞ്ചായത്തംഗം എൻ. യശ്പാൽ, വൈദ്യുതിബോർഡ് ഡെപ്യൂട്ടി ചീഫ് എൻജിനിയർ മുഹമ്മദ് ഷെരീഫ്, എക്സിക്യൂട്ടീവ് എൻജിനിയർ മധുപാൽ, സീനിയർ മാനേജർ (എൻ.എച്ച്.പി.സി) സി.എസ്. വാൾട്ടർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സുജ മേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഫ്ലോട്ടിംഗ് സോളാർ പദ്ധതി
50 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദനശേഷി
10 മെഗാവാട്ട് വൈദ്യുതി ആദ്യഘട്ടം ഉൽപ്പാദിപ്പിക്കും
25 വർഷത്തെ പാട്ടവ്യവസ്ഥയിലാണ് പഞ്ചായത്ത് ഈ ഭൂമി കെ.എസ്.ഇ.ബിക്ക് കൈമാറിയത്
350 ഏക്കറോളം സ്ഥലം
ചെളിയും മണലും കുഴിച്ചെടുത്ത് തരിശായി കിടന്നിരുന്ന 350 ഏക്കറോളം സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുത്തിട്ടുള്ളത്. സംസ്ഥാന വൈദ്യുതി ബോർഡിന്റെ വയബിൾ ഗ്യാപ് ഫണ്ടിൽ നിന്ന് 13.8 കോടി രൂപ അനുവദിച്ചതോടെയാണ് പദ്ധതിക്ക് തുടക്കം കുറിക്കാൻ സാധിച്ചത്. ഒരു മാസത്തിനകം പദ്ധതി തുടങ്ങാനാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.