കുളത്തൂപ്പുഴ: നാല്പത്തെട്ടു ദിവസം മാത്രം പ്രായമുള്ള കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. കുളത്തൂപ്പുഴ പതിനാറേക്കറിൽ മഞ്ജുഷ വിലാസം വീട്ടിൽ മഞ്ജുഷ- വിനോദ് ദമ്പതികളുടെ മകളാണ് ഞായറാഴ്ച നാലു മണിയോടെ മരിച്ചത്. പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച കുഞ്ഞിന് എക്സ്റേ എടുക്കുന്നതിന് ഡോക്ടർ കുറിപ്പ് നൽകി. എക്സ്റെ എടുക്കാൻ നൂറ് രൂപ ഇല്ലാത്തതിനാൽ മാതാവ് കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോൾ കുട്ടിക്ക് അനക്കമില്ലാതെ ആവുകയും കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. ഡോക്ടർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കുട്ടിയുടെ പിതാവ് വിനോദിന് മാസങ്ങളായി ജോലി ഇല്ലാതിരുന്നതിനാൽ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. പതിനൊന്ന് വയസായ അഞ്ജനയും അഞ്ചു വയസുള്ള അഞ്ജുവും മഞ്ജുഷയുടെ മൂത്ത കുട്ടികളാണ്. രണ്ടു വർഷം മുമ്പാണ് വിനോദ് മഞ്ജുവിനെ രണ്ടാം വിവാഹം കഴിച്ചത്.