പുനലൂർ: കനത്ത മഴയെ തുടർന്ന് പുനലൂർ-പേപ്പർമിൽ റോഡിൽ കൂറ്റൻ മതിൽക്കെട്ട് ഇടിഞ്ഞു വീണ് ഗതാഗതം ഭാഗികമായി മുടങ്ങി. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. പുനലൂർ-പേപ്പർ മിൽ റോഡിലെ നെടുങ്കയം സ്വദേശിയായ അനീഷ് പീറ്ററിന്റെ പുരയിടത്തിലെ 10 മീറ്റർ ഉയരമുള്ള കൂറ്റൻ മതിൽക്കെട്ടാണ് ഇടിഞ്ഞു റോഡിലേക്ക് വീണത്. വൈകിട്ട് ഒരു മണിക്കൂറോളം നീണ്ട് നിന്ന മഴയെ തുടർന്നാണ് മതിൽക്കെട്ട് നിലം പൊത്തിയത്. ഇതിൻെറ ശേഷിക്കുന്ന ഭാഗവും ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും ജെ.സി.ബി വിളിച്ചുവരുത്തിയാണ് റോഡിൽ വീണ കല്ലുകളും മറ്റും നീക്കം ചെയ്തത്.