കൊല്ലം: ബി.ജെ.പി ലക്ഷ്യമിടുന്നത് മനുസ്മൃതിയുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയ ഭരണഘടനയ്ക്കാണെന്ന് മാദ്ധ്യമനിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു. മാദ്ധ്യമ പ്രവർത്തകൻ ആർ. രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കടപ്പാക്കട സ്പോർട്സ് ക്ലബ് ഹാളിൽ 'കാശ്മീർ, ഭരണരാഷ്ട്രീയം, മാദ്ധ്യമം' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനത്തിലെ എല്ലാ നിയമങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ് കാശ്മീരിൽ 370 -ാം അനുഛേദം റദ്ദാക്കിക്കൊണ്ടുള്ള ബില്ല് പാർലമെന്റിൽ പാസാക്കിയത്. ബില്ലിന്റെ കോപ്പി പോലും അംഗങ്ങൾക്ക് നൽകിയില്ല. പാർലമെന്റും രാഷ്ട്രപതിയും ചേർന്നാൽ ഒരു സംസ്ഥാനത്തെ ഇല്ലാതാക്കാൻ കഴിയും എന്ന് ഒറ്റദിവസം കൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്ക് മനസിലായെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. മേയർ വി. രാജേന്ദ്രബാബു, സ്പോർട്സ് ക്ലബ് പ്രസിഡന്റ് ജി. സത്യബാബു, എസ്. സുധീശൻ, വി. ഹരിദാസൻ, എൻ.പി. ജവഹർ തുടങ്ങിയവർ പങ്കെടുത്തു.