rajendran-anusmaranam
മാദ്ധ്യമ പ്രവർത്തകൻ ആർ. രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കടപ്പാക്കട സ്‌പോർട്സ് ക്ലബ് ഹാളിൽ ഡോ. സെബാസ്​റ്റ്യൻ പോൾ പ്രഭാഷണം നടത്തുന്നു

കൊല്ലം: ബി.ജെ.പി ലക്ഷ്യമിടുന്നത് മനുസ്മൃതിയുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയ ഭരണഘടനയ്ക്കാണെന്ന് മാദ്ധ്യമനിരീക്ഷകൻ ഡോ. സെബാസ്​റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു. മാദ്ധ്യമ പ്രവർത്തകൻ ആർ. രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കടപ്പാക്കട സ്‌പോർട്സ് ക്ലബ് ഹാളിൽ 'കാശ്മീർ, ഭരണരാഷ്ട്രീയം, മാദ്ധ്യമം' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ സംവിധാനത്തിലെ എല്ലാ നിയമങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ് കാശ്മീരിൽ 370 -ാം അനുഛേദം റദ്ദാക്കിക്കൊണ്ടുള്ള ബില്ല് പാർലമെന്റിൽ പാസാക്കിയത്. ബില്ലിന്റെ കോപ്പി പോലും അംഗങ്ങൾക്ക് നൽകിയില്ല. പാർലമെന്റും രാഷ്ട്രപതിയും ചേർന്നാൽ ഒരു സംസ്ഥാനത്തെ ഇല്ലാതാക്കാൻ കഴിയും എന്ന് ഒ​റ്റദിവസം കൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്ക് മനസിലായെന്നും സെബാസ്​റ്റ്യൻ പോൾ പറഞ്ഞു. മേയർ വി. രാജേന്ദ്രബാബു, സ്‌പോർട്സ് ക്ലബ് പ്രസിഡന്റ് ജി. സത്യബാബു, എസ്. സുധീശൻ, വി. ഹരിദാസൻ, എൻ.പി. ജവഹർ തുടങ്ങിയവർ പങ്കെടുത്തു.