കൊല്ലം: മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിലെ ന്യൂനതകൾ പരിഹരിച്ച് എത്രയും വേഗം അത് നടപ്പാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. നേച്ചർ പ്ലസ് കേരളയുടെ ജില്ലാ തല പരിപാടികളുടെ ഉദ്ഘാടനം കൊല്ലം ഗേൾസ് ഹൈസ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് നടപ്പാക്കുന്നതിനുവേണ്ടി പുതുതലമുറയുടെ ശക്തമായ സമ്മർദ്ദവും മുന്നേറ്റവും ആവശ്യമാണ്. അതിനായി പരിസ്ഥിതി പഠനം മുഖ്യവും നിർബന്ധിതവുമായ പാഠ്യവിഷയമാക്കാനും അധികൃതർ ശ്രദ്ധിക്കണം. പ്രകൃതി നൽകുന്ന സൂചനകളിൽ നിന്ന് പാഠം ഉൾക്കൊള്ളാത്തതിന്റെ പരിണിത ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്. വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ അത് ശാസ്ത്രീയവും സുസ്ഥിരവുമായിരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
നേച്ചർ പ്ലസ് കേരള സംസ്ഥാന ചെയർമാൻ കെ.വി. രാമാനുജൻ തമ്പി ക്ലാസ് നയിച്ചു. ജില്ലാ ചെയർമാൻ ടി. രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. നേച്ചർ പ്ലസ് കേരള സംസ്ഥാന കൺവീനർ എൽ. സുഗതൻ, ജില്ലാ ജോയിന്റ് കൺവീനർ എ. ഷഹ്‌റുദീൻ, കമലമ്മ, പി.ടി.എ പ്രസിഡന്റ് ജയകൃഷ്ണൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്. ദേവരാജൻ, കുഞ്ഞുമോൻ, ചന്ദ്രശേഖരൻ പിള്ള, രേണു എസ്. കുമാർ, ജോസ് മത്തായി, അനിലാ ആനി ലാസർ, എഡ്വേർഡ് തുടങ്ങിയവർ സംസാരിച്ചു.സ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്. ബീന സ്വാഗതവും കൺവീനർ പ്ലാക്കാട് ടിങ്കു നന്ദിയും പറഞ്ഞു.