സെപ്തംബർ 20 മുതൽ 22 വരെ കൊല്ലത്ത്
നഗരസഭാ കൗൺസിലിൽ പ്രാരംഭ ചർച്ച നടന്നു
കൊല്ലം: നഗരത്തിന് പുതിയ വികസന മാതൃക തയ്യാറാക്കാൻ രാജ്യമെങ്ങുമുള്ള നഗരവികസന പ്രൊഫഷണലുകൾ സെപ്തംബർ 20 മുതൽ 23 വരെ കൊല്ലത്ത് സമ്മേളിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അർബൻ ഡിസൈനേഴ്സ് ഇന്ത്യയുടെ സഹകരണത്തോടെയാണ് കൊല്ലം നഗരസഭ അർബൻ ഡിസൈൻ നാഷണൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. രാജ്യ തലസ്ഥാനത്തിന് പുറത്ത് ആദ്യമായാണ് ഇത്തരമൊരു കോൺക്ലേവ് നടക്കുന്നത്. വേദി സംബന്ധിച്ച് അന്തിമ തീരുമാനം വൈകാതെയുണ്ടാകും.
നഗരസഭാ കൗൺസിലർമാർ, നഗരവികസന പ്രൊഫഷണലുകൾ, വിവിധ സ്ഥാപനങ്ങളുടെ ഓഹരി ഉടമകൾ, വ്യവസായ പ്രവർത്തകർ, നഗര വികസനത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കഴിയുന്ന പൊതുജനങ്ങൾ തുടങ്ങി 300 പേരാകും കോൺക്ലേവിൽ പങ്കെടുക്കുക. നഗരാസൂത്രണ വിദഗ്ദ്ധരുടെ അനുഭവങ്ങൾ, വിവിധ നഗരങ്ങളുടെ വിജയകരമായ വികസന മാതൃകകൾ, കൊല്ലത്തിന്റെ വികസന രൂപരേഖ എന്നിങ്ങനെ മൂന്ന് സെഷനുകളാണ് കോൺക്ലേവിൽ ഉണ്ടാവുക.
ചന്ദനത്തോപ്പിലെ കേരളാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ പ്രിൻസിപ്പൽ മനോജ് കിണി കോൺക്ലേവിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് നഗരസഭാ കൗൺസിലർമാർക്ക് മുന്നിൽ വിശദീകരിച്ചു. തുടർന്ന് നടന്ന കൗൺസിൽ കോൺക്ലേവിന്റെ അന്തിമ രൂപരേഖ തയ്യാറാക്കി. ഭരണ പ്രതിപക്ഷ ഭേദമന്യേ കോൺക്ലേവിന് കൗൺസിലർമാർ പൂർണ പിന്തുണ നൽകി. തിരക്കുകളെല്ലാം മാറ്റിവച്ച് മുഴുവൻ സമയവും കോൺക്ലേവിൽ പങ്കെടുക്കാൻ കഴിയുന്നവർക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളൂവെന്ന് മേയർ വി. രാജേന്ദ്രബാബു കൗൺസിലിനെ അറിയിച്ചു.
ആമുഖ രൂപരേഖയിൽ നിന്ന്
1. കൊല്ലത്തിന്റെ നഗരവൽക്കരണത്തിന് വേഗത കുറവാണ്.
2. ജനസംഖ്യാ വർദ്ധനവിന്റെ തോത് കുറയുന്നതാണ് ഇതിന് കാരണം
3. കൊല്ലം നഗരത്തിലേക്ക് കുടിയേറുന്നവരുടെ എണ്ണം കുറവാണ്
4. കൊല്ലത്ത് നിന്ന് മറ്റു നഗരങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടുന്നു
5. ഇതര ദേശങ്ങളിൽ നിന്ന് ജനങ്ങളെ ആകർഷിക്കാൻ കഴിയുന്ന സ്ഥാപനങ്ങൾ കുറവ്
6. പുറത്തു നിന്ന് വിദ്യാർത്ഥികൾ വൻ തോതിൽ എത്തുന്ന കോളേജുകളും ഇല്ല
7. തിരക്ക് മൂലം തലസ്ഥാനത്ത് രണ്ടാമതൊരു വിമാനത്താവളത്തിന്റെ ആവശ്യകതയേറുന്നു
8. പാറശ്ശാലയിൽ വേണമെന്ന ചർച്ചകൾ സജീവമാക്കുന്നുണ്ട് അവിടെയുള്ളവർ
9. എന്തുകൊണ്ട് പാരിപ്പള്ളിയിൽ വേണമെന്ന ചർച്ചകൾ ഉയർത്താനാകുന്നില്ല ?
10. കാവനാട് വട്ടക്കായൽ പരിസരവും ഒഴിഞ്ഞുകിടക്കുന്ന മേഖലകളിലും ശ്രദ്ധ എത്തണം
11. ആളുകൾ കൂടുന്നിടത്തെല്ലാം നഗരം വികസിക്കുന്നുവെന്ന അടയാളങ്ങളുണ്ടാകണം
12. ജനങ്ങളെ കൊല്ലത്തേക്ക് ആകർഷിക്കാൻ കഴിയുന്ന വികസന മാതൃക വേണം
2000 വർഷത്തിന്റെ ചരിത്രമുള്ള നഗരം
2000 വർഷത്തിന്റെ ചരിത്രമുള്ള തുറമുഖ നഗരമാണ് കൊല്ലം. കൊല്ലത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന വികസന മാതൃകകൾ നഗരത്തിലില്ല. പാരമ്പര്യത്തിന്റെ പകിട്ടിനൊത്ത് ആധുനിക കാലത്ത് ഉയരാനും നഗരത്തിനായില്ല. ഇത്തരം വീഴ്‌ചകളെല്ലാം പരിഹരിക്കാനാണ് കോൺക്ലേവിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.
സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും പ്രതിഫലിപ്പിക്കുന്ന അടിസ്ഥാന സൗകര്യ വികസനം, ദുരന്തനിവാരണ സംവിധാനങ്ങൾ, മെച്ചപ്പെട്ട നഗരഭരണം, ടൂറിസം രംഗത്ത് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ, മാലിന്യ സംസ്‌കരണം, ഗതാഗത ക്രമീകരണം എന്നിവ മുൻനിർത്തിയാകും മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.
ദേശീയ കോൺക്ളേവ്
300 പേർ പങ്കെടുക്കും
മൂന്ന് സെഷനുകളിലായി
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അർബൻ ഡിസൈനേഴ്സ് ഇന്ത്യയുടെ സഹകരണത്തോടെ
രാജ്യ തലസ്ഥാനത്തിന് പുറത്ത് ആദ്യം