കൊട്ടാരക്കര : കൊട്ടാരക്കര - പുത്തൂർ റോഡിൽ പാണ്ടറയിലെ കലുങ്കിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഇവിടത്തെ പകുതിയോളം ഭാഗം ഗതാഗത യോഗ്യമായി. റോഡിന്റെ നിർമ്മാണം പാതി വഴിയിലായതിന്റെ ദുരിതം നില നിലനിൽക്കുമ്പോഴും പാണ്ടറയിൽ കലുങ്ക് പണിയുന്നത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. 20 കോടി രൂപയ്ക്ക് റോഡ് കരാർ ഏറ്റെടുത്ത നാൾ മുതൽ വലിയ പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ നിർമ്മാണപ്രവർത്തനത്തിൽ ഒരുപാട് പാളിച്ചകൾ ഉണ്ടായി. തുടർന്ന് 6 ഉദ്യോഗസ്ഥരെ മന്ത്രി ഇടപെട്ട് സസ്‌പെൻഡ് ചെയ്യേണ്ടി വന്നു. പിന്നീട് നിർമ്മാണം പുനരാരംഭിച്ചെങ്കിലും മഴ ശക്തമായതോടെ റോഡ് കുണ്ടും കുഴിയുമായി മാറി. ഇതിനൊപ്പം പൊടി ശല്യവും വളരെ കൂടി. നാട്ടുകാരുടെ പ്രതികരണം പലപ്പോഴും മോശമായി മാറിയിട്ടും അധികൃതർക്ക് അനക്കമുണ്ടായിരുന്നില്ല. അതിനിടയിലാണ് പ്രദേശവാസികൾക്ക് ആശ്വാസമായി കലുങ്ക് നിർമ്മാണം പുരോഗമിക്കുന്നത്.