students
എസ്. എൻ. കോളേജിൽ പ്രിൻസിപ്പലിന്റെ മുറിയിൽ കയറി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ

# പ്രിൻസിപ്പലിനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞുവച്ചു

# അഡ്മിഷൻ നടപടികൾ തടസ്സപ്പെട്ടു

# ഒടുവിൽ പ്രതിഷേധക്കാർ നിരുപാധികം പിൻവാങ്ങി

കൊല്ലം: കൈയിൽ രാഖി കെട്ടി വന്ന വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ എസ്.എൻ കോളേജിലെ രണ്ട് വിദ്യാർത്ഥിനികളെ റാഗിംഗ് കുറ്റം ആരോപിച്ച് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മൂന്നാം സെമസ്റ്റർ കോമേഴ്സിലെയും നാലാം സെമസ്റ്റർ ഹിസ്റ്ററിയിലെയും വിദ്യാർത്ഥിനികളെയാണ് കോളേജ് കൗൺസിൽ തീരുമാനപ്രകാരം സസ്പെൻഡ് ചെയ്തത്.

പെൺകുട്ടികളുടെ സസ്പെൻഷൻ പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ മുദ്യാവാക്യം മുഴക്കി പ്രിൻസിപ്പലിന്റെ മുറിയിലേക്ക് തള്ളിക്കയറുകയും ഒരുമണിക്കൂറിലേറെ അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയും ചെയ്തു. പൊലീസെത്തി വിദ്യാർത്ഥി നേതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയതോടെ പ്രതിഷേധക്കാർ പിൻവാങ്ങുകയായിരുന്നു. ഡിഗ്രി സ്പോർട്സ് ക്വാട്ടയിലേക്കുള്ള അഡ്മിഷൻ നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധവും ബഹളവും. അഡ്മിഷൻ നടപടികൾ ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടു.

ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനി തിങ്കളാഴ്ച രാഖി കെട്ടിവന്നത് എസ്.എഫ്.ഐ പ്രവർത്തകർക്ക് രസിച്ചില്ല. ഇത് ശ്രീകുമാറിന്റെ കലാലയമാണെന്നും ഇവിടെ ഇതനുവദിയ്ക്കാനാകില്ലെന്നും രാഖി അഴിച്ചുമാറ്റാനും ആവശ്യപ്പെട്ട് അവർ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയിട്ടും അടുത്തദിവസവും രാഖികെട്ടി വന്നതോടെ വിദ്യാർത്ഥിനികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സസ്പെൻഷനിലായവരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി വിദ്യാർത്ഥിനിയെ കടുത്തഭാഷയിൽ ഭീഷണിപ്പെടുത്തുകയും രാഖി പൊട്ടിയ്ക്കാൻ ശ്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു. സഹികെട്ട വിദ്യാർത്ഥിനി ക്ലാസ് ടീച്ചർക്ക് പരാതി നൽകി. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന പരാതി ആന്റിറാഗിംഗ് സെല്ലിന് കൈമാറി.തുടർന്ന് കോളേജ് കൗൺസിൽ പരാതിക്കാരിയായ വിദ്യാർത്ഥിനിയുമായി സംസാരിച്ചശേഷം കൂടുതൽ ശല്യം ചെയ്ത 2 വിദ്യാർത്ഥിനികൾക്കെതിരെ നടപടി എടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവരിൽ ഒരാൾ കോളേജിൽ ക്ളാസ് ഇല്ലാതിരുന്നിട്ടും വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്താൻ മാത്രമായി എത്തുകയായിരുന്നു. ഇരുവരെയും ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്ത വിവരം അറിഞ്ഞതോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ സംഘടിച്ച് പ്രതിഷേധ മുദ്യാവാക്യം വിളിയുമായി ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് തള്ളിക്കയറിയത്. സ്പോർട്സ് ക്വാട്ടയിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന്റെ സ്പോട്ട് അഡ്മിഷൻ നടപടികളും പ്രതിഷേധക്കാർ തടസ്സപ്പെടുത്തി. പൊലീസെത്തി വിദ്യാർത്ഥി നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥിനികൾക്കെതിരെ ഒന്നാം വർഷ വിദ്യാർത്ഥിനി നൽകിയ പരാതി പൊലീസിന് കൈമാറിയാൽ കൂടുതൽ കുരുക്കാകുമെന്നും റാഗിംഗിന് കൂട്ടുനിന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞതോടെയാണ് പ്രതിഷേധക്കാർ പിന്മാറിയതെന്നാണ് സൂചന. റാഗിംഗ് ഗുരുതരമായ കുറ്റമാണ്.

പ്രതിഷേധിക്കാൻ മാപ്പെഴുതി

നൽകി തിരികെ കയറിയവരും

എസ്.എൻ കോളേജിൽ കോടതി ഉത്തരവ് ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തുകയും അദ്ധ്യയനം തടസ്സപ്പെടുത്തുകയും അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് നേരത്തെ 7 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരിൽ 6 പേർ മാപ്പെഴുതി നൽകിയാണ് നടപടികളിൽ നിന്നൊഴിവായത്. ഇനി പ്രശ്നം ഉണ്ടാക്കിയാൽ ടി. സി വാങ്ങി പോകാമെന്ന സത്യവാങ്മൂലത്തിൽ ഒപ്പിട്ട് നൽകിയാണ് 6 പേരും കയറിയത്. ഇവരും ഇന്നലെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നുവെന്ന് കോളേജ് അധികൃതർ പറഞ്ഞു.

'സസ്പെൻഡ് ചെയ്ത വിദ്യാർത്ഥിനികൾക്കെതിരായ റാഗിംഗ് പരാതി പൊലീസിന് കൈമാറുന്ന കാര്യം ആന്റിറാഗിംഗ് സെല്ലും കോളേജ് കൗൺസിലും തീരുമാനിക്കും".

ഡോ.ആർ. സുനിൽകുമാർ, പ്രിൻസിപ്പൽ