കൊല്ലം: ചട്ടമ്പി സ്വാമികളുടെ 166-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് നഗരത്തിൽ വർണ്ണാഭമായ ശോഭായാത്ര നടക്കും. വൈകിട്ട് 3ന് ആശ്രാമം മൈതാനത്ത് നിന്നാരംഭിക്കുന്ന ശോഭായാത്രയിൽ യൂണിയനിലെ 142 കരയോഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും വനിതാ സമാജം, സ്വയംസഹായസംഘം, ബാലസമാജം, പ്രവർത്തകരും അണിനിരക്കും. ശിങ്കാരിമേളം, പഞ്ചാരിമേളം, പഞ്ചവാദ്യം, അമ്മൻകൊട, ബാൻഡ്, പൂക്കാവടി, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവ ശോഭായാത്രയെ കമനീയമാക്കും. ചട്ടമ്പിസ്വാമികളുടെയും ധർമ്മശാസ്താവിന്റെയും പ്രതിമകൾ വഹിച്ചുള്ള രഥങ്ങളും വിവിധ കരയോഗങ്ങളിൽ നിന്നുള്ള കലാസംഘങ്ങളും അണിനിരക്കും. നഗരം ചുറ്റി ആനന്ദവല്ലീശ്വരത്തെത്തി പ്രത്യേകം തയ്യാറാക്കുന്ന ചട്ടമ്പിസ്വാമികളുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി സമാപിക്കും. എൻ.എസ്.എസ് പ്രസിഡന്റ് പി.എൻ നരേന്ദ്രനാഥൻ നായർ, കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.ജി.ഗോപകുമാർ, എൻ.എസ്.എസ് നേതാക്കൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
ശോഭായാത്രയോടനുബന്ധിച്ച് നഗരത്തിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് മൂന്നിന് ശേഷം തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്കും അവിടെ നിന്ന് തിരുവനന്തപുരത്തേക്കും വരുന്ന വാഹനങ്ങൾ ബൈപ്പാസ് വഴി പോകണം. നഗരത്തിൽ പ്രവേശിക്കേണ്ടി വരുന്ന ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ പൊലീസ് കമ്മിഷണർ ഓഫീസ് റെയിൽവെ മേൽപ്പാലം വഴി കൊച്ചുപിലാമ്മൂട് - ബീച്ച് - പോർട്ട് റോഡ് - വാടി - തെക്കേകച്ചേരി - വെള്ളയിട്ടമ്പലം റോഡിലൂടെ പോകണം. നഗരത്തിൽ പ്രവേശിക്കേണ്ട തിരുവനന്തപുരത്തേക്കുള്ള വാഹനങ്ങൾ താലൂക്ക് ഓഫീസ് - ലിങ്ക് റോഡ് - ക്രൈംബ്രാഞ്ച് ഓഫീസ് - കടപ്പാക്കട - ചെമ്മാംമുക്ക് - കപ്പലണ്ടിമുക്ക് വഴി പോകണം.
ഘേഷയാത്രയ്ക്കായി സമുദായ അംഗങ്ങളുമായി എത്തുന്ന വാഹനങ്ങൾ തേവള്ളി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ട്, മുളങ്കാടകം ക്ഷേത്രമൈതാനം, മുളങ്കാടകം സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.