photo
പെരിനാട് പഞ്ചായത്ത് മാതൃകാ മാലിന്യ പരിപാലന പഞ്ചായത്തായി തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് നടന്ന സെമിനാർ മുല്ലക്കര രത്‌നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. എൽ. അനിൽ, സി. സന്തോഷ് എന്നിവർ സമീപം

കുണ്ടറ: ജീവജാലങ്ങൾക്കെല്ലാം പ്രകൃതി അവകാശപ്പെട്ടതാണെങ്കിലും പ്രകൃതിവിരുദ്ധ ജീവിതം നയിക്കുന്നത് മനുഷ്യർ മാത്രമാണെന്ന് കേരള നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയർമാൻ മുല്ലക്കര രത്‌നാകരൻ എം.എൽ.എ പറഞ്ഞു. മാതൃകാ മാലിന്യ പരിപാലന പഞ്ചായത്തായി പെരിനാട് പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റ് ജീവജാലങ്ങൾ പ്രകൃതിക്ക് ദോഷം തട്ടാത്തവണ്ണമാണ് ജീവിതവ്യാപാരങ്ങൾ നടത്തുന്നത്. എന്നാൽ ആധുനിക മനുഷ്യന്റെ ജീവിതചര്യകൾ പ്രകൃതിക്ക് കടുത്ത ആഘാതമാണ് ഏൽപ്പിക്കുന്നത്. അതിൽ പ്ലാസ്റ്റിക് മാലിന്യമാണ് മാരക ഭീഷണിയായിരിക്കുന്നതെന്നും മുല്ലക്കര പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ അദ്ധ്യക്ഷത വഹിച്ചു. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന വിഷയത്തിൽ ജില്ലാ ശുചിത്വ മിഷൻ കോഡിനേറ്റർ ജി. സുധാകരനും 'മാലിന്യ പരിപാലനം' എന്ന വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അസി. എക്സി. എൻജിനിയർ പി. സിമിയും ക്ലാസെടുത്തു. ചിറ്റുമല ബ്ലോക്ക് പ്രസിഡന്റ് സി. സന്തോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി, ടി. സുരേഷ് കുമാർ, പ്രസന്നകുമാർ, ശ്രീകുമാരി, സെക്രട്ടറി എ. ബാബുരാജ് എന്നിവർ സംസാരിച്ചു.